തിരുവനന്തപുരം: കരമനയിൽ നടുറോഡിൽ വച്ച് കൃഷിവകുപ്പ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളായ സഹോദരൻമാരെ പോലീസ് ഇനിയും പിടികൂടിയില്ല.
കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് ഇസ്മായിൽ , അനീഷ് എന്നിവരാണ് കേസിലെ പ്രതികൾ.നെയ്യാറ്റിൻകര അമരവിള സ്വദേശിയായ പ്രദീപിനെയാണ് രണ്ട് ദിവസം മുൻപ് നീറമണ്‍കരയിൽ വച്ച് ഇരുവരും ചേർന്ന് മർദ്ദിച്ചത്.
സിഗ്നൽ പോയിന്റിൽ വച്ച് ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് പ്രദീപിനെ ഇരുവരും മർദ്ദിച്ചത്. പാറോട്ട് കോണത്തെ ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകവെയായിരുന്നു സംഭവം.
മർദ്ദനത്തെ തുടർന്ന് അവശനായ പ്രദീപ് കരമന പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ് നീതി നിഷേധിച്ചുവെന്ന് പ്രദീപ് പറഞ്ഞു.
രണ്ട് ദിവസം പോലീസ് സ്റ്റേഷനിൽ ചികിത്സാ രേഖകളുമായി എത്തിയിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രദീപ് മാധ്യമങ്ങൾക്ക് നൽകുകയും വാർത്തകൾ പ്രചരിച്ചതോടെ ഇന്നലെ വൈകുന്നേരം പ്രദീപിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു.
പ്രതികളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചുവെന്നും ഇരുവരും ഒളിവിലാണെന്നുമാണ് കരമന പോലീസ് പറയുന്നത്.
അതേ സമയം പ്രതികൾ അഭിഭാഷകൻ മുഖേന കോടതിയിൽ കീഴടങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നുവെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.