തിരുവനന്തപുരം: കരമന സ്വത്ത് തട്ടിപ്പിൽ വിശദീകരണവുമായി ആരോപണ വിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായർ. ജയമാധവന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയിരുന്നുവെന്നും രവീന്ദ്രൻ നായർ പറഞ്ഞു. സ്വത്തുക്കൾ ജയമാധവൻ സ്വന്തം ഇഷ്ടപ്രകാരം എഴുതി നൽകിയതാണെന്നും ജയമാധവനെ പരിചരിക്കാൻ ബന്ധുക്കൾ ആരുമുണ്ടായിരുന്നില്ലെന്നും രവീന്ദ്രൻ വെളിപ്പെടുത്തി.
കരമനയിൽ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തിലാണു ദുരൂഹത ആരോപിക്കപ്പെട്ടത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണു ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
നടന്നതു കൊലപാതകങ്ങൾ ആണെന്നും സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകി. കുടുംബാംഗങ്ങളുടെ മരണത്തെ തുടർന്നു കാര്യസ്ഥൻ സ്വത്തു തട്ടിയെടുത്തെന്നാണു പരാതിയിൽ പറയുന്നത്. പരാതിയിൽ കരമന പോലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണു പോലീസ് കേസെടുത്തത്.
നഗര മധ്യത്തിൽ തന്നെ പലയിടത്തായി കോടികളുടെ സ്വത്താണ് കുടുംബത്തിനുള്ളത്. പലതും നോക്കാനാളില്ലാതെ കാടുകയറിയ നിലയിലാണ്. നാട്ടുകാരനായ അനിൽകുമാർ നൽകിയ പരാതിയിൽ ക്രൈം ഡിറ്റാച്ച്മെന്റ് നടത്തിയ അന്വേഷണത്തിൽ വ്യാജവിൽപ്പത്രം തയാറാക്കി ഈ വസ്തുക്കൾ പേരു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ഡിജിപി ലോക്നാഥ് ബെഹ്റയും പറഞ്ഞിരുന്നു.