ഫറോക്ക്: കാരംസ് ബോർഡ് നിർമാണത്തിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തുന്നതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഈ വീട്ടമ്മമാർ. ഫറോക്ക് പുറ്റെക്കാട് ’വിമക്സ് കാരംസി’ൽ പണിയെടുക്കുന്ന ഐക്കരപ്പടി സ്വദേശിനി സ്മിത, പുറ്റെക്കാട് ശുഭ, നല്ലൂരിലെ സിന്ധു എന്നിവരാണ് കാരംസ് ബോർഡ് നിർമാണത്തിലും കൈകരുത്ത് തെളിയിക്കുന്നത്.
സ്ഥാപനം ഉടമ ഫറോക്ക് അഞ്ചുകണ്ടം സിദ്ധിഖ് പണിക്ക് ആളെ ലഭിക്കാതെ ഒന്നരവർഷം പണിശാല അടച്ചിട്ടിരിക്കുന്പോഴാണ് ഈ വീട്ടമ്മമാർ കാരംസ്ബോർഡ് നിർമാണത്തിന് തയ്യാറായി എത്തിയത്. മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സിദ്ധിഖിൽ നിന്ന് മൂന്നുപേരും അനായാസം ബോർഡ് നിർമാണത്തിനുള്ള ആശാരിപ്പണിയും പെയിന്റിംഗ്, പോളിഷിംഗ് പണികളും സ്വായത്തമാക്കി.
ഇന്ന് സ്ഥാപനത്തിലെ പ്രധാന കാരംസ് ബോർഡ് നിർമാണ ജോലിക്കാരാണിവർ. സ്വന്തമായി അധ്വാനിക്കുന്നതിന്റെയും വരുമാനം കണ്ടെത്തുന്നതിന്റെയും ആഹ്ലാദത്തിനൊപ്പം സമൂഹത്തിന് മാതൃകയാവുകയും കൂടിയാണ് ഈ മൂന്ന് വീട്ടമ്മമാരും. വീട്ടിൽ വെറുതെയിരിക്കുന്ന അവസരത്തിലാണ് മൂവരും കാരംസ് ബോർഡ് നിർമാണത്തിൽ പങ്കാളികളാകാൻ എത്തിയത്.
ഇപ്പോൾ ബോർഡിന്റെ വലിപ്പത്തിനനുസരിച്ച് മരം മുറിച്ചെടുക്കാനും ചട്ടക്കൂടും ബോർഡും തയ്യാറാക്കി പോളിഷ്, പെയിന്റിംഗ്് പണികൾ ചെയ്യാൻ ഇവർക്ക് മറ്റാരുടെയും സഹായം ആവശ്യമില്ല. പുരുഷ ജോലിക്കാർ ചെയ്യുന്നതിലും ആത്മാർഥതയിലും വേഗത്തിലും ഇവർ കാരംസ് ബോർഡുകൾ നിർമിക്കുന്നതായി സ്ഥാപന ഉടമ സിദ്ധിഖ് പറഞ്ഞു.
ഒരു ബോർഡ് നിർമിക്കാൻ ഒറ്റ ദിവസം മാത്രം മതി ഇവർക്ക്. വീട്ടമ്മമാർ ജോലിക്കെത്തിയതോടെ പുരുഷ തൊഴിലാളികൾ അനാവശ്യമായി അവധിയെടുക്കുന്നതും ജോലിസമയം അനാവശ്യമായി നഷ്ടപ്പെടുത്തുന്നതും ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഉടമ സിദ്ധിഖ്.