മെൽബണ്‍: ഓസ്ട്രേലിയയിൽ മോഡലിംഗ് പരസ്യരംഗത്ത് തനതായ ഇടം നേടി അങ്കമാലി സ്വദേശിയായ യുവാവ് ശ്രദ്ധേയനാകുന്നു. കിരോണ്‍ മാർട്ടിനെന്ന ഇരുപത്തിരണ്ടുകാരനാണ് മറുനാടൻ വിജയകഥയിലെ നായകൻ.
ഓസ്ട്രേലിയ എന്ന വികസിത രാജ്യത്ത് അത്യന്തം കിടമത്സരം നിറഞ്ഞ മേഖലയാണ് മോഡലിംഗ്. ഈ രംഗത്ത് കടന്നു കയറുകയും വിജയം നേടുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ കഠിന പ്രയത്നവും പ്രഫഷണലിസവും കൈമുതലാക്കിയ കിരോണ്‍ ഈ മേഖലയിലേക്ക് നടന്നു കയറിയപ്പോൾ ചരിത്രം വഴി മാറി.
പരസ്യ രംഗത്തുനിന്നു കൈ നിറയെ ഓഫറുകളാണ് കിരോണ്‍ മാർട്ടിനെ തേടിയെത്തുന്നത്. നിരവധി പരസ്യങ്ങൾ ഇതിനകം തന്നെ കിരോണ്‍ ചെയ്തു കഴിഞ്ഞു. ഡോണ്‍ ബെല്ലാ ഇന്‍റർനാഷണൽ ബ്യൂട്ടി പേയ്ജന്‍റ് കോണ്ടസ്റ്റിൽ ഈ വർഷം ഡിസംബറിൽ നടക്കുന്ന ഫൈനലിലേക്ക് കിരോണ്‍ യോഗ്യത നേടിയിട്ടുണ്ട്.
പരസ്യ രംഗത്ത് സജീവ സാന്നിധ്യമാകുന്നതോടൊപ്പം പഠന രംഗത്തും കിരോണ്‍ പിന്നിലല്ല. തേവര സേക്രഡ് ഹാർട്ട് കോളജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയ കിരോണ്‍ ഇപ്പോൾ ഓസ്ട്രേലിയയിലെ ഫെഡറേഷൻ യൂണിവേഴ്സിറ്റിയിൽ എംബിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ടാൻയ പവ്വൽ മോഡൽ കോഴ്സിൽ ഗ്രാജുവേഷൻ നേടിയ കിരോണ്‍ ഇവർക്കായുള്ള ഷോകളും ചെയ്തിട്ടുണ്ട്.
അങ്കമാലി ചിറയ്ക്കൽ വീട്ടിൽ അഡ്വ. മാർട്ടിൻ പോളിന്‍റെയും ഡൈനി മാർട്ടിന്‍റെയും മകനായ കിരോണ്‍ ഓസ്ട്രേലിയയിലെ മലയാളി അസോസിയേഷന്‍റെ പിന്തുണയോടെ ഉയരങ്ങളിലേക്ക് നടന്നു കയറുന്പോൾ അങ്കമാലിക്കാരൻ എന്നതിൽ നമുക്കും അഭിമാനിക്കാം.