ഡൽഹിയിൽനിന്നു മുംബൈയിലേക്കുള്ള ട്രെയിനിൽ ഇരിക്കുന്പോൾ കരൺ കക്കഡ് എന്ന ചെറുപ്പക്കാരന്റെ മനസിൽ ഒരേ സമയം ആശങ്കയുടെയും അതേസമയം സന്തോഷത്തിന്റെയും തിരയിളക്കമായിരുന്നു. ഏറെക്കാലത്തെ വലിയ മോഹം പൂവണിയുന്നതിലേക്ക് ഒരു ചുവടുകൂടി അടുക്കുന്നു എന്നതായിരുന്നു സന്തോഷത്തിന്റെ കാരണം.
ബോളിവുഡ് സിനിമാ മോഹവുമായിട്ടാണ് കരൺ മുംബൈയിലേക്കു പോകുന്നത്. അവിടെ എത്തിച്ചേർന്നതിനു ശേഷമുള്ള കാര്യങ്ങൾ എങ്ങനെ ആയിത്തീരുമെന്നതാണ് കരണിനെ അലട്ടുന്ന ആശങ്ക.
ചെറിയ ടെലിഫിലിമുകളിൽ അഭിനയിച്ചതും നിർമിച്ചതുമൊക്കെയാണ് ആകെയുള്ള സിനിമാ പരിചയം. എങ്ങനെയും ബോളിവുഡ് സിനിമാലോകത്ത് പ്രശസ്തനാവണം… അതിനായിട്ടാണ് ഈ അലച്ചിൽ. മുംബൈയിലെത്തിയ കരൺ പിന്നീടു അവസരം തേടി അലച്ചിൽ തുടങ്ങി. ചില ശ്രമങ്ങളൊക്കെ വിജയിച്ചു.
ചെറിയ ബോളിവുഡ് സിനിമകളിലൊക്കെ തല കാണിക്കാൻ അവസരം കിട്ടി. പക്ഷേ, ഇതുകൊണ്ടൊന്നും കാര്യമില്ല എന്ന തോന്നൽ ശക്തമായതോടെ ഒരു ബോളിവുഡ് സിനിമ നിർമിച്ചാലോ എന്നതായി ചിന്ത. അതോടെ സിനിമയിൽ കൂടുതൽ സ്വാധീനം നേടാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത് മിന്നൽ വേഗത്തിലായിരുന്നു.
അപകടം മണക്കുന്നു
2012 മാർച്ച് ആറ്, കരണിന്റെ ഒരു ഫോൺകോൾ അന്നു രാത്രി വീട്ടിലേക്കു വന്നു. സഹോദരൻ അനീഷ് കക്കഡുമായിട്ടായിരുന്നു സംസാരം. വലിയ ആവേശത്തിലായിരുന്നു അവന്റെ വിളിയും സംസാരവും. താൻ നിർമിക്കുന്ന സിനിമയുമായി മുംബൈയിലെ ഒരു രാഷ്ട്രീയ നേതാവ് സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നു കരൺ സഹോദരനോടു പറഞ്ഞു.
ഇന്നു രാത്രി അദ്ദേഹത്തെ കാണാൻ പോകുമെന്നും പറഞ്ഞു. തുടർന്ന് കൂടിക്കാഴ്ച എന്തായി എന്നറിയാൻ രാത്രി വൈകി അനീഷ് തിരികെ വിളിച്ചപ്പോൾ റിംഗ് ഉണ്ട്, പക്ഷേ, ഫോൺ എടുക്കുന്നില്ല. അല്പനേരം കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോഴും അങ്ങനെ തന്നെ.
എന്നാൽ, പലവട്ടം വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ അനീഷിന് ആശങ്ക തോന്നി. ഒരിക്കൽകൂടി വിളിച്ചുനോക്കിയപ്പോൾ സ്വിച്ച്ഡ് ഒാഫ്… ഇതോടെ അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്നു അയാൾക്കു തോന്നി. ഇതോടെ വയോധികയായ അമ്മ റീത്ത കക്കഡിനെയും കൂട്ടി അനീഷ് ഡൽഹിയിൽനിന്നു മുംബൈയിലേക്ക് എത്തി.
സഹോദരനെ പലേടത്തും തിരഞ്ഞിട്ടും കാണാതെ വന്നതോടെ അമ്മയെ കൂട്ടി മുംബൈ സിറ്റിയിലെ അന്പോളി പോലീസ് സ്റ്റേഷനിലെത്തി കരണിനെ കാണാനില്ലെന്ന പരാതി നൽകി. അന്ധേരിയിലെ, സമ്പന്നരുടെ മേഖലയായ ഒബ്റോയ് സ്പ്രിംഗ് ഫീൽഡ്സ് അപാർട്ട്മെന്റിലായിരുന്നു കരൺ കക്കഡിന്റെ താമസം.
സിമ്രാൻ എന്ന യുവതി
കരണിന്റെ മുംബൈയിലെ പരിചയക്കാർ ആരെന്നായിരുന്നു പോലീസിന്റെ ആദ്യ അന്വേഷണം. മോഡലായ സിമ്രാൻ സൂദ് എന്നൊരു യുവതിയെ പറ്റി പോലീസിനു വിവരം ലഭിച്ചു. കരൺ താമസിച്ച ഫ്ളാറ്റിന്റെ അടുത്തായിരുന്നു സിമ്രാനും താമസിച്ചിരുന്നത്.
മുംബൈയിലെ അറിയപ്പെടുന്ന മോഡലായ സിമ്രാനെ സ്റ്റേഷനിൽ വിളിപ്പിച്ചു പോലീസ് ചില കാര്യങ്ങളൊക്കെ ചോദിച്ചെങ്കിലും കരണിനെ തനിക്കറിയില്ല എന്ന മറുപടിയാണ് സിമ്രാൻ നൽകിയത്.
വീട്ടുമുറ്റത്തെ കാർ
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പൂനയിൽനിന്നൊരു വിവരം അന്പോളി പോലീസിനെ തേടിയെത്തി. ആളൊഴിഞ്ഞ ഒരു വീട്ടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന നിലയിൽ ഒരു കാർ.
വിദേശത്താണ് വീട്ടുടമസ്ഥൻ. വീടു നോക്കി നടത്തുന്നയാൾ ഒരു ദിവസം രാവിലെ എത്തുമ്പോഴാണ് ഒരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടത്. രണ്ടു ദിവസമായിട്ടും ആരും അന്വേഷിച്ചു വരാത്തതിനാൽ അയാൾ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് അന്വേഷണത്തിൽ അതു കരൺ കക്കഡിന്റെ കാറാണെന്നു കണ്ടെത്തി. കാർ എങ്ങനെ പൂനയിൽ എത്തിയെന്നത് പോലീസിനെ കുഴക്കി. കാർ കണ്ടെത്തിയെങ്കിലും കരണിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
മൊബൈൽ ഫോൺ ട്രെയിനിൽ
പിന്നീട് മാർച്ച് 17ന് അനീഷിനെ തേടി ന്യൂഡൽഹിയിൽനിന്ന് ഒരു സുഹൃത്തിന്റെ കോൾ എത്തി. കരണിന്റെ മൊബൈൽ ഫോൺ മുംബൈ- ഡൽഹി വൈശാലി എക്സ്പ്രസിൽനിന്നു കിട്ടി എന്നതായിരുന്നു ആ വിവരം.
മുംബൈയിൽനിന്ന് അനീഷ് ഉടൻതന്നെ ഡൽഹിയിലേക്കു തിരിച്ചു. സുഹൃത്തും അനീഷുംകൂടി റെയിൽവേ പോലീസ് സ്റ്റേഷനിലെത്തി. വൈശാലി എക്സ്പ്രസിന്റെ ടോയ്ലെറ്റിൽ ഫോൺ കിടക്കുന്നതു കണ്ട ഒരു യാത്രക്കാരൻ അതു പോലീസിനെ ഏല്പിക്കുകയായിരുന്നു.
പോലീസ് അതിൽനിന്ന് അവസാനം പോയ കോളിന്റെ നമ്പരിലേക്കു വിളിച്ചപ്പോഴാണു സുഹൃത്തിനെ കിട്ടിയത്.അനീഷ് കാര്യങ്ങൾ പോലീസിനെ അറിയിച്ചു. മുംബൈ പോലീസിൽ തങ്ങൾ പരാതി നൽകിയ വിവരവും അറിയിച്ചു. അവർ ഫോൺ അനീഷിനു കൈമാറി. മുംബൈയിൽ മടങ്ങിയെത്തിയ അനീഷ് അത് അമ്പോളി പോലീസിനു കൈമാറി.
തന്റെ കാർ പൂനയിൽ ഉപേക്ഷിച്ചിട്ടു കരൺ ട്രെയിനിൽ ഡൽഹിക്കു പോയോ? എന്തിന് ഡൽഹിയിലേക്കു പോയി? മൊബൈൽ ഫോൺ എന്തിന് ട്രെയിനിൽ ഉപേക്ഷിച്ചു?
ഡൽഹിയിൽ എത്തിയെങ്കിൽ എവിടേക്കു പോയി? വലിയ ആശയക്കുഴപ്പങ്ങൾക്കു നടുവിൽ പോലീസിന് ഒരെത്തുംപിടിയും കിട്ടിയില്ല. പക്ഷേ, നിർണായകമായൊരു ഫോൺ കോൾ വൈകാതെ പോലീസിനെ തേടിയെത്തി. അതോടെ, വലിയൊരു ദുരൂഹതയുടെ ചുരുളഴിഞ്ഞു.
(തുടരും)