ആഴ്ചകളായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം കര്‍ണാടകയാണ്. ഇതില്‍തന്നെ അടുത്ത ദിവസങ്ങളില്‍ ശ്രദ്ധാകേന്ദ്രമായത് ഗവര്‍ണറും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാജ്ഭവനുമാണ്. ഭൂരിപക്ഷം മറികടന്നും ബിജെപിയെയും ബി.എസ്. യെദിയൂരപ്പയെയും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല ക്ഷണിച്ചതോടെ കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴിയൊരുക്കുകയാണെന്ന് വിമര്‍ശനങ്ങളുണ്ടായി. ഇതിനെ സാധൂകരിക്കുന്ന നീക്കങ്ങളാണ് പിന്നീട് ദക്ഷിണേന്ത്യയില്‍ നടന്നതും.
ഇതില്‍തന്നെ രസകരമായ ഒരു വിവരം കണ്ടെത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ബംഗളൂരുവിലെ രാജ് ഭവന്‍ ഉണ്ടാക്കിയത് ആഗ അലി അസ്‌കര്‍ എന്ന പഴയൊരു കുതിരക്കച്ചവടക്കാരനാണ് എന്ന് സര്‍ദേശായി ട്വീറ്റ് ചെയ്തു. കുതിരക്കച്ചവടവുമായി രാജ്ഭവനുള്ള ബന്ധം വളരെ നേരത്തെതന്നെ തുടങ്ങുന്നതാണെന്നും സര്‍ദേശായി പറഞ്ഞുവയ്ക്കുന്നു.
ഇറാനില്‍ ജനിച്ച ആഗ അലി അസ്‌കര്‍ ബംഗളുരു നഗരത്തിന്റെ ശില്‍പ്പികളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. 1824-ലാണ് അസ്‌കര്‍ സഹോദരങ്ങള്‍ക്കൊപ്പം ബംഗളുരുവിലെത്തുന്നത്. വന്‍ പേര്‍ഷ്യന്‍ വ്യവസായിയായും കുതിരക്കച്ചവടക്കാരനായും അദ്ദേഹം വളര്‍ന്നു. ബ്രീട്ടീഷ്, മൈസുരു രാജവംശങ്ങളുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി. ബാലബ്രൂയി (സ്റ്റേറ്റ് ഗസ്റ്റ് ഹൗസ്), രാജ്ഭവന്‍ എന്നിവയുടെ നിര്‍മാണത്തിനു പിന്നില്‍ അലി അസ്‌കറിന്റെ കരങ്ങളായിരുന്നു. കന്റോണ്‍മെന്റ് മേഖലയില്‍ 100ല്‍ അധികം സൗധങ്ങളും അദ്ദേഹം നിര്‍മിച്ചു.