തിരുവനന്തപുരം : ഭാസ്കര കാരണവർ വധക്കേസിൽ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച ഷെറിന്റെ മോചന കാര്യത്തിൽ സർക്കാർ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു.
ഷെറിൻ കണ്ണൂർ ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തത് വിവാദമായതിനെ തുടർന്നാണ് സർക്കാരിന്റെ പിൻമാറ്റം. ജനുവരിയിലാണ് ഷെറിന്റെ ജീവപര്യന്തം ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്.
എന്നാൽ ഇത് സംബന്ധിച്ച ഫയൽ ഗവർണർക്ക് കൈമാറിയിരുന്നില്ല. ഷെറിന്റെ മോചന കാര്യത്തിൽ ഏറെ ചർച്ചകളും വിവാദവും ഉയർന്നിരുന്നു. മോചിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിൽ ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണവും ഉയർന്നിരുന്നു.
സർക്കാർ സമർപ്പിക്കുന്ന ഫയൽ ഗവർണർ തള്ളുമൊ കൊള്ളുമൊ എന്ന കാര്യത്തിൽ സർക്കാരിനും സംശയം ഉണ്ടായിരുന്നു. കൂടാതെ ഭാസ്കര കാരണവരുടെ ബന്ധുക്കളും ഷെറിന്റെ മോചനത്തിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു.