മാവേലിക്കര: മരുമകളും കാമുകനും കൂടി കൊല ചെയ്ത ഭാസ്‌കര കാരണവരുടെ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ല വില്‍പനയ്ക്ക്. ഈ പഞ്ചായത്തിലെ തന്നെ ഏറ്റവും ആഡംബര വീടുകളിലൊന്നായിരുന്നു ഇത്. അമേരിക്കയില്‍ താമസിക്കുന്ന കാരണവരുടെ മക്കള്‍ എറണാകുളം സ്വദേശിയായ അഭിഭാഷകനെയാണ് വീട് വില്‍ക്കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവര്‍ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവില്‍ വീട് വച്ചത്. ഇളയ മകന്‍ ബിനു, മരുമകള്‍ ഷെറിന്‍ എന്നിവരോടൊപ്പമായിരുന്നു താമസം. മരുമകള്‍ ഷെറിന്റെ അവിഹിത ബന്ധമാണ് ഒടുവില്‍ ഭാസ്‌കര കാരണവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. 2009 നവംബര്‍ ഏഴിനാണ്് ഭാസ്‌കര കാരണവര്‍ കിടപ്പുമുറിയില്‍ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
കാരണവരുടെ മരുമകള്‍ ഷെറിന്‍ കോട്ടയം കുറിച്ചി സജീവോത്തമപുരം കോളനിയില്‍ കാലായില്‍ വീട്ടില്‍ ബിബീഷ്ബാബു എന്ന ബാസിത് അലി, എറണാകുളം കളമശേരി ബിനാമിപുരം കുറ്റിക്കാട്ടുകര നിധിന്‍ നിലയത്തില്‍ ഉണ്ണി എന്ന നിധിന്‍, എറണാകുളം ഏലൂര്‍ പാതാളം പാലത്തിങ്കല്‍ വീട്ടില്‍ ഷാനുറഷീദ് എന്നിവരായിരുന്നു പ്രതികള്‍. പ്രതികളെല്ലാം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന് പിടിയിലാകുന്നത്.
ഷെറിന്‍ ആസൂത്രണം ചെയ്തതായിരുന്നു ഈ കൊലപാതകം. കാരണവരുടെ സ്വത്തുക്കള്‍ ഷെറിന്റെയും ഭര്‍ത്താവിന്റെയും പേരില്‍ എഴുതിവെക്കാത്തതിലുള്ള പ്രതികാരമായിരുന്നു അത്. ഷെറിന് ക്വട്ടേഷന്‍ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ ത്തുടര്‍ന്നാണ് കാരണവര്‍ സ്വത്തുക്കള്‍ നല്‍കുന്നതില്‍നിന്ന് പിന്മാറിയത്. മകന്‍ ബിനു, മരുമകള്‍ ഷെറിന്‍, കൊച്ചുമകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത ആധാരം റദ്ദുചെയ്തതിനെ തുടര്‍ന്ന് മരുമകള്‍ ഷെറിന്‍ കാമുകനുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു.
അമേരിക്കയില്‍ നിന്നു നാട്ടിലെത്തി വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മരണം നടന്ന് ദിവസങ്ങള്‍ക്കു ശേഷം ഷെറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഷെറിനെ കാരണവര്‍ മരുമകളാക്കിയത്. 2001ല്‍ വിവാഹത്തെ തുടര്‍ന്ന് ഷെറിനെയും ബിനുവിനെയും കാരണവര്‍ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വര്‍ഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
ഭര്‍ത്താവിന്റെ സ്വത്തുപയോഗിച്ച് ഇഷ്ടമുള്ളവര്‍ക്കൊപ്പം കഴിയാനായിരുന്നു ഷെറിനു താത്പര്യം. തന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്നു മനസിലാക്കിയ കാരണവര്‍ പ്രവാസ ജീവിതം മതിയാക്കി ഇതോടെ നാട്ടിലെത്തി. ഇതോടെ ഷെറിന്‍ അസ്വസ്ഥയായി. കാരണവര്‍ നാട്ടിലെത്തിയതോടെ ആവശ്യങ്ങള്‍ക്ക് പണ നിയന്ത്രണം വച്ചു. സ്വത്തു വിഹിതത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെ പക കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു.
സുഹൃത്തും കാമുകനുമായ ബാസിത് അലിയെയും ഒപ്പം കൂട്ടി. മോഷണശ്രമത്തിനിടെ നടന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പണിപാളി. വീട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടയില്‍ ഷെറിന്‍ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യമാണ് പ്രതികളെ കുടുക്കിയത്. ഷെറിന്‍ പിടിയിലാകുമ്പോള്‍ മകള്‍ക്ക് നാലു വയസായിരുന്നു. ഇപ്പോഴവള്‍ ഷെറിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്. ബിനുവിനെ സഹോദരങ്ങള്‍ വിദേശത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. അതോടെ കാരണവര്‍ വില്ല പ്രേതഭവനം പോലെയായി. ഇതോടെയാണ് വില്ല വില്‍ക്കാന്‍ കാരണവരുടെ മക്കള്‍ തീരുമാനിച്ചത്.