ഇരവിപേരൂർ: മഴയുടെ അളവ് കുറഞ്ഞതോടുകൂടി അങ്കലാപ്പിലായ കരനെൽകർഷകർക്ക് ആശ്വാസമായി തെള്ളിയൂർ കൃഷി വിജ്ഞാനകേന്ദ്രം.ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഹൈഡ്രോ ജെല്ല് വിതറിയാണ് ഈർപ്പം കുറയുന്ന ഭൂമിയിലെ ജലാംശത്തെ സംഭരിച്ച് വയ്ക്കുകയും ചൂടു കൂടുന്നതനുസരിച്ച് നെൽചെടിക്ക് ജലം നല്കുകയും ചെയ്യുന്നത്.
പരീക്ഷണ അടിസ്ഥാനത്തിൽ ഈ രീതി അവലംബിച്ചാണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ നെൽകൃഷിക്ക് കൃഷി വിജ്ഞാന കേന്ദ്ര നേതൃത്വം നല്കുന്നത്. ഇരവിപേരൂർ റൈസ് എന്ന ബ്രാൻഡിൽ അരി വിപണിയിലെത്തിച്ച കുടുംബശ്രീ ഗ്രൂപ്പായ സ്വദേശാഭിമാനി സംരംഭകർ കൃഷിചെയ്യുന്ന 75 സെന്റിലാണ് കെവികെ കരനെൽകൃഷിയുടെ പുതിയ സന്പ്രദായം നടപ്പാക്കുന്നത്.
കൃഷിയ്ക്കുള്ള നിലമൊരുക്കി കുമ്മായവും ജൈവവളവും ഭൂമിക്ക് നല്കുന്നത് കൂടാതെ ചാരം, ചാണകപ്പൊടി, ആട്ടിൻ കാഷ്ഠം എന്നിവ വിതറിയും 20 സെന്റീമീറ്റർ അകലത്തിൽ നുരിയിട്ട് മിത്രാകുമിൾ അഥവാ മൈക്രോറൈസും നെല്ലും പാകുകയാണ് രീതി. ചെടിയുടെ വേരെത്തുന്നതിനും പുറത്തുള്ള ജലത്തെ വലിച്ച് ചെടിയുടെ ചുവട്ടിൽ എത്തിക്കുന്നതിനുവേണ്ടിയാണ് മിത്രാകുമിൾ നെല്ലിനോടൊപ്പം പാകുന്നത്.
നെൽചെടി 35 ദിവസം വളർച്ചയെത്തുന്പോൾ പിപിഎഫ്എം എന്ന ലായനി തളിക്കുന്നതോടെ ചെടികളുടെ ഇലകളിൽ നിന്നുളള ജലാംശ നഷ്ടം കുറയ്ക്കുന്നതിന് സഹായിക്കും. കെവികെയുടെ കരനെൽ മുൻനിര പ്രദർശന കൃഷിത്തോട്ടമായ 75 സെന്റ് അടക്കം 3.5 ഏക്കറിലാണ് ഇരവിപേരൂരിൽ കരനെൽകൃഷി നടക്കുന്നത്.
വിത്തും വളവും സബ്സിഡി നിരക്കിൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായും തരിശ് കൃഷിക്കുള്ള ആനുകൂല്യം കൃഷിവകുപ്പുമാണ് നല്കുന്നത്. വരും വർഷങ്ങളിൽ ഈ രീതിയിലുള്ള കരനെൽകൃഷി എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. രാജീവ് അറിയിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ അനസൂയ ദേവി, മേഴ്സിമോൾ, വി. കെ. ഓമനകുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് വാർഡുകളിൽ കരനെൽകൃഷി നടക്കുന്നത്. മഴക്കുറവിലും കരനെൽകൃഷി സാധ്യമാക്കുന്ന രീതിക്കു വേണ്ട സാങ്കേതിക മേൽനോട്ടം വഹിക്കുന്നത് കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ സീനിയർ ശാസ്ത്രജ്ഞൻ ഡോ.സി പി റോബർട്ട്, നെൽകൃഷി പഠനവിഭാഗ വിദഗ്ധൻ വിനോദ് മാത്യു എന്നിവരാണ്.