കാട്ടൂർ: കരാഞ്ചിറ മുനയം ബണ്ട് പൂർണമായി പൊട്ടിക്കാത്തതാണു പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതത്തിന്റെ ആഴം വർധിപ്പിച്ചതെന്ന് ആക്ഷേപം. ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനാണു കരുവന്നൂർ പുഴ കനോലി കനാലിൽ ചേരുന്ന മുനയം ഭാഗത്ത് എല്ലാ വർഷവും ഡിസംബറിൽ ജലവിഭവവകുപ്പ് താൽക്കാലിക ബണ്ട് കെട്ടുന്നത്. ശുദ്ധജലത്തിനും ജലസേചനത്തിനുമായി കെട്ടുന്ന ബണ്ട് മേയ് ആരംഭത്തോടെ പൊട്ടിക്കും.
എന്നാൽ, ഈ വർഷം ബണ്ട് ഭാഗികമായാണു പൊട്ടിച്ചത്. മഴ ശക്തമായതോടെ കരുവന്നൂർ പുഴയിലും കെഎൽഡിസി കനാലിലും വെള്ളം നിറഞ്ഞു. ബണ്ട് പൂർണമായി പൊട്ടിക്കാത്തതിനാൽ പുഴയിൽനിന്നു കടലിലേക്കുള്ള ഒഴുക്കിന്റെ ശക്തി കുറയുകയും, പുഴയുടെയും കനാലിന്റെയും തീരത്തുള്ള ജനവാസ-കാർഷിക മേഖലകളിൽ വൻതോതിൽ വെള്ളം കയറുകയുമായിരുന്നു.
ബണ്ട് പൂർണമായും പൊട്ടിച്ചിരുന്നെങ്കിൽ വെള്ളപ്പൊക്കക്കെടുതി ഇത്ര രൂക്ഷമാകുമായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. മഴയുടെ ശക്തി കുറഞ്ഞിട്ടും ദുരിത മേഖലകളിൽനിന്നു വെള്ളം ഇറങ്ങാത്തതിനു കാരണവും ഇതുതന്നെയാണ്. ബണ്ട് പൂർണമായും പൊട്ടിക്കാത്തതിനു പിറകിൽ അഴിമതി ഉണ്ടെന്നാണ് ആരോപണവും ശക്തമാണ്.
അടുത്തവർഷം വീണ്ടും ബണ്ട് കെട്ടുന്പോൾ പാതി മാത്രം നിർമിച്ചാൽ മതിയാകുമെന്നതിനാൽ മിക്ക വർഷങ്ങളിലും ബണ്ട് പാതി മാത്രമേ പൊട്ടിക്കാറുള്ളൂവെന്നു നാട്ടുകാർ പറയുന്നു.