നെന്മാറ : കാരപ്പാറ ജലവൈദ്യുത പദ്ധതിക്ക് സർക്കാർ തലത്തിൽ വീണ്ടും ജീവൻ വയ്ക്കുന്നു.നെല്ലിയാന്പതിയിലെ കാരപ്പാറയിൽ നിന്നും തുടങ്ങി പറന്പിക്കുളത്തെ കുരുയാർകുറ്റിയിൽ നിന്നും പെരിങ്ങൽകുത്ത് ഡാമിലേക്ക് ഒഴുകുന്ന വെള്ളം അണകെട്ടി ടണൽ വഴി മുതലമട പഞ്ചായത്തിലേ വെള്ളാരം കടവിലേക്ക് ഒഴുക്കി 26.9 മെഗാവാട്ട് വൈദ്യുതി ഉത്പാദനവും 2.5 ടി.എം.സി. ജലസംഭരണവും 94.8 ഉയരത്തിൽ അണക്കെട്ടും ഉൾപ്പെടുന്നതാണ് പദ്ധതിയെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ.
ഇതിലൂടെ ചാലക്കുടിപ്പുഴയിൽ ഉണ്ടാവുന്ന പ്രളയജലം നിയന്ത്രിക്കാൻ കഴിയുന്നതിനും പെരുമാട്ടി മീനാക്ഷിപുരം കൊഴിഞ്ഞാന്പാറ തുടങ്ങിയ കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളിലെ കൃഷിക്കും കുടിവെള്ളത്തിനും ദൗർബല്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ്.
വകുപ്പുതല ചർച്ചകളിൽ ഇതിനായി സംസ്ഥാന വൈദ്യുതി, ജലം, വനം, വകുപ്പ് തല മന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് ചർച്ച പൂർത്തിയാക്കി.വനം, വൈദ്യുതി, ജലസേചനം, വകുപ്പുതല നോഡൽ ഓഫീസർമാരെ തുടർനടപടിക്കായി ചുമതലപ്പെടുത്തി.
പദ്ധതിയുടെ വിദഗ്ധ പഠനത്തിനായി ടാറ്റാ എൻജിനീയറിങ് കണ്‍സൾട്ടൻസി ലിമിറ്റഡിനെ ചുമതലപ്പെടുത്തി.വൈദ്യുതി, ജല വിഭവ വകുപ്പ്, റവന്യൂ, ഉദ്യോഗസ്ഥതല സംഘം കഴിഞ്ഞ ദിവസങ്ങളിലായി സബ് കളക്ടർ ബൽ പ്രീത് സിംഗിന്റെ നേതൃത്വത്തിൽ വൈദ്യുതിബോർഡ് കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീടീവ് എൻജിനീയർ.
വിഷ്ണുദാസ്, ശിരുവാണി സൂപ്രണ്ടിങ് എൻജിനീയർ സി. എസ്. സിനേഷ്, ചിറ്റൂർ ഡിവിഷൻ എൻജിനീയർ ഷീൻ ചന്ദ്, ടാറ്റാ കണ്‍സൾട്ടൻസി പ്രതിനിധികളായ ശിവരാമകൃഷ്ണൻ, രമേഷ് കണ്ണ, തങ്കവേലു തുടങ്ങിയ വിവിധ തല ഉദ്യോഗസ്ഥവൃന്ദവും നിർദ്ദിഷ്ട പദ്ധതി മേഖല സന്ദർശിച്ചു.
പ്രാഥമിക നടപടികൾ ആരംഭിച്ച് 1983 ൽ കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം നിരസിച്ച് ഉപേക്ഷിച്ച പദ്ധതിയാണിത്.പറന്പിക്കുളം കടുവാ സങ്കേതത്തിനു പുറത്തായി പദ്ധതി നടപ്പാക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ പഠനം നടത്തുന്നത് ബഫർസോണ്‍, ഇക്കോ സെൻസിറ്റീവ് സോണ്‍ തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് വനംവകുപ്പ് തടസ്സം നിൽക്കാനുള്ള നീക്കത്തിനെതിരെ മന്ത്രിതല ചർച്ച പ്രാഥമിക ഘട്ടത്തിൽ നടന്നു വരുന്നു.