തലശേരി: വടക്കേ മലബാറിലെ നിര്‍മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച പ്രമുഖ കരാറുകാരന്റെ ഭാര്യയും മകളും ഇനി കണ്ണൂരിലെ വാടക വീട്ടിലേക്ക്. വർഷങ്ങളായി താമസിച്ചു വരുന്ന ദേശീയ പാതയിലെ ആഢംബര വസതിയിൽ നിന്നാണ് ഈ കുടുംബം വാടക വീട്ടിലേക്ക് മാറുന്നത്. കരാറുകാരന്റെ കുടുംബത്തെ വീട്ടു തടങ്കലിലാക്കുകയും കോടികളുടെ സ്വത്തുക്കള്‍ വില്‍ക്കുകയും ചെയ്ത സംഭവം വിവാദമായതിനെ തുടർന്ന് തലശേരി ടൗൺ പോലീസ് അന്വേഷണമാരംഭിച്ചു.
പ്രിൻസിപ്പൽ എസ്എ ബിനു മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കരാറുകാരന്റെ വീട്ടിലെത്തി ഭാര്യയുടെ മൊഴിയെടുത്തു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഇതിനിടയിൽ കരാറുകാരന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടികൾ വില വരുന്ന ദേശീയ പാതയോരത്തെ സ്ഥലവും വിറ്റു.
ഇതോടെ ഈ കുടുംബത്തിന് അവകാശപ്പെട്ട തലശേരി മേഖലയിലുള്ള മുഴുവൻ സ്വത്തുക്കളും വിറ്റു കഴിഞ്ഞതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിനിടയിൽ സ്വത്തുക്കളുടെ യഥാർഥ രേഖകൾ ഇല്ലാതെയാണ് വില്പന നടത്തിയിട്ടുള്ളതെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്. കരാറുകാരന്റെ ഭാര്യക്കും മകൾക്കും അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ വിവിധ സ്വത്തുക്കളുടെ യഥാർഥ രേഖകൾ കരാറുകാരന്റെ ഭാര്യയുടെ വിശ്വസ്തന്റെ കയ്യിലാണെന്ന വിവരവും പുറത്തു വന്നു.
തനിക്കും മകൾക്കും അവകാശപ്പെട്ട സ്വത്തുക്കൾ കണ്ണൂർ സ്വദേശി തട്ടിയെടുക്കുമെന്ന സംശയത്തെ തുടർന്ന് കരാറുകാരന്റെ ഭാര്യ തന്നെയാണ് ഒറിജിനൽ രേഖകൾ കുടുംബത്തിന്റെ വിശ്വസ്തനായ ഡ്രൈവറെ ഏൽപ്പിച്ചത്.”ബോസിന്റെ ഭാര്യയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം നടന്നിരുന്നു. ഒരു ദിവസം രാവിലെ അമ്പലത്തിൽ പോകുമ്പോൾ ഒരു കെട്ട് ആധാരങ്ങൾ എന്നെ ഏൽപ്പിച്ചു.
ഇതൊന്നും വീട്ടിൽ വെക്കാൻ എനിക്ക് ഇനി ധൈര്യമില്ല നീ സൂക്ഷിക്കണം” എന്ന് ബോസിന്റെ ഭാര്യ തന്നോട് പറഞ്ഞതായും ഇപ്പോൾ ഇവരോടൊപ്പമില്ലാത്ത ഡ്രൈവർ രാഷ്ട്രദീപികയോട് പറഞ്ഞു. ആ രേഖകൾ എല്ലാം കൈവശമുണ്ട്, വേണ്ടി വന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുമെന്നും ഡ്രൈവർ തുടർന്നു പറഞ്ഞു. കരാറുകാരന്റെ ഭാര്യയുടെ സഹോദരന്റെ പിന്തുണയോടെ നിര്‍മ്മിച്ച വ്യാജ ഒസ്യത്ത് ഉപയോഗിച്ചാണ് കരാറുകാരന്റെ ആഢംബര ബംഗ്ലാവ് വില്പന നടത്തിയതെന്ന ആരോപണത്തെ കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.