കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സന്ദീപ് നായരുമായോ കേസിലെ മറ്റേതെങ്കിലും പ്രതികളുമായോ യാതൊരു ബന്ധവുമില്ലെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്.
ഫോണിലോ അല്ലാതെയൊ ഇവരുമായി യാതൊരു ബന്ധവുമില്ല. പ്രതികളെ കണ്ടിട്ടുപോലുമില്ലെന്ന് എംഎല്‍എ “രാഷ്ട്രദീപിക’യോട് പറഞ്ഞു.
പ്രതികളെ മാധ്യമങ്ങളില്‍ കണ്ടുള്ള പരിചയം മാത്രമാണുള്ളത്. ജൂലൈയിലാണ് തനിക്കെതിരേ മൊഴി ലഭിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ ഇത്രയും മാസം കഴിഞ്ഞിട്ടും ഒരു അന്വേഷണ ഏജന്‍സി പോലും തന്നെ വിളിച്ചിട്ടില്ല.
അനാവശ്യമായ വിവാദങ്ങള്‍ ആര്‍ക്കോ വേണ്ടി ഉണ്ടാക്കുകയാണ് . ഇതിനു പിന്നില്‍ ആരുടെയെങ്കിലും കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയില്ല. തനിക്ക് സ്വര്‍ണക്കള്ളക്കടത്ത് എന്ന ബിസിനസ് ഇല്ല.
ഇത്തരം ആളുകളുമായി ഒരു നിലയ്ക്കമുള്ള ബന്ധവുമില്ല. അതിനാല്‍ യാതൊന്നും ഭയപ്പെടേണ്ട സാഹചര്യമില്ല. രാഷ്ട്രീയ മാറ്റത്തിനു ശേഷം തനിക്കെതിരെ പല ഗൂഢാലോചനകളും പലഭാഗത്തു നിന്നും നടക്കുന്നുണ്ട്.
ഇത് ആരാണെന്ന് ഇപ്പോള്‍ വ്യക്തമാക്കുന്നില്ല. സത്യസന്ധമായി അന്വേഷിക്കുന്ന ഒരു ഏജന്‍സിക്കും തന്നെ വിളിപ്പിക്കാനാവില്ല, തനിക്കെതിരെ അന്വേഷണം നടത്താനുമാവില്ല. ഗൂഢാലോചനയുടെ ഭാഗമായാണ് അന്വേഷണമെങ്കില്‍ മാത്രമേ വിളിപ്പിക്കൂ.
കാരാട്ട് ഫൈസല്‍ തന്റെ അയല്‍വാസിയാണ്. കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലറുമാണ്. അത്തരത്തിലുള്ള പരിചയമാണുള്ളത്. അതില്‍ കവിഞ്ഞ് യാതൊരു ബിസിനസ് ബന്ധവുമില്ലെന്നും കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു.