കോഴിക്കോട്: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരേ കൂടുതല്‍ വെളിപ്പെടുത്തൽ. കരാട്ടെ അധ്യാപകൻ സിദ്ദിഖ് അലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാര്‍ഥിനി വെളിപ്പെടുത്തുന്നത്. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടായിരുന്നെന്ന് പെൺകുട്ടി പറയുന്നു. ശരീരവും മനസും ഗുരുവിന്റെ തൃപ്തിക്കായി സമർപ്പിക്കണമെന്ന് പറഞ്ഞായിരുന്നത്രെ പീഡനം.
എട്ട് വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കുകയും അധ്യാപകനെതിരേ പരാതി നൽകുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറയുന്നു. എന്നാൽ സിദ്ദിഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെത്തുടർന്ന് പരാതി പിന്നീട് പിൻവലിച്ചു.
എടവണ്ണപ്പാറയിൽ മരിച്ച കുട്ടിയെയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിയ്ക്കറിയാമെന്നും സിദ്ദിഖ് അലി കൊല്ലാനും മടിക്കില്ലെന്നും പെൺകുട്ടി സ്വകാര്യചാനലിനോട് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
വീട്ടിൽനിന്ന് കാണാതായ പ്ലസ് വൺ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തുകയായിരുന്നു.വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. കേസില്‍ ഊര്‍ക്കടവിലെ കരാട്ടെ അധ്യാപകന് വി.സിദ്ദിഖ് അലി (42) യെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.