സ്വന്തം ലേഖിക
കോഴിക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തുടർക്കഥകളാവുന്പോൾ സ്ത്രീകളിൽ പ്രതികരണ ശേഷി വളർത്തിയെടുക്കാനും പരിശീലനം നൽകാനും കുടുംബശ്രീ രംഗത്ത്. ജില്ലയിലെ ജെൻഡർ ടീമിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു ആശയം പ്രാവർത്തികമാക്കുന്നത്. ഇതിന്റെ ഭാഗമായി മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വാർഡ് തല വിജിലന്റ് ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.
അഞ്ച് മുതൽ പത്ത് വരെ കുടുംബശ്രീ അംഗങ്ങളാണ് വിജിലന്റ് ഗ്രൂപ്പിലുണ്ടാവുക. ഓരോ വാർഡുകളും സ്ത്രീ- ശിശു സൗഹൃദമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. സന്നദ്ധ സംഘടനകളുടെയും ആംഗൻവാടി വർക്കർമാരുടെയും മറ്റ് സാമൂഹ്യ പ്രവർത്തകരുടെയുമെല്ലാം സഹായം ഇക്കാര്യത്തിൽ സ്വീകരിക്കും.
വിജിലന്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കേരള പൊലീസുമായി സഹകരിച്ച് വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി. ഇത് മാതൃകയാക്കി മറ്റ് ജില്ലകളിലേക്കും പരിശീലനം വ്യാപിപ്പിക്കാൻ കുടുംബശ്രീ സംസ്ഥാന മിഷൻ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ പി.സി. കവിത പറഞ്ഞു. ഓരോ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റിയിൽ നിന്നും ഇങ്ങനെ പരിശീലനം ലഭിച്ച രണ്ട് പേരെ വീതം തെരഞ്ഞെടുത്ത് പിങ്ക് ടാസ്ക് ഫോഴ്സിന് രൂപം നൽകി.
164 പേരെയാണ് ഇത്തരത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്. സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന നിയമങ്ങളെ സംബന്ധിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളക്കുറിച്ചും ഈ ടീം വിപുലമായ ബോധവത്കരണം നടത്തിവരുന്നു. പിങ്ക് ടാസ്ക് ഫോഴ്സിനുള്ള പരിശീലനം പൊലീസ് ഉടൻ ആരംഭിക്കും. ഇങ്ങനെ പരിശീലനം ലഭിച്ച പിങ്ക് ടാസ്ക് ഫോഴ്സിൻറെ സഹായത്തോടെ മറ്റ് അംഗങ്ങൾക്കും കൂടുതൽ പരിശീലനവും മാർഗ നിർദ്ദേശങ്ങളും നൽകുവാനാണ് ലക്ഷ്യമിടുന്നത്.
പുതിയ സംരംഭങ്ങൾ ആരംഭിച്ച് മുന്നോട്ട് പോകാൻ സ്ത്രീകൾക്ക് കരുത്ത് പകരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ജീവനം 2017 എന്ന പദ്ധതി സംസ്ഥാന മിഷൻ ആരംഭിച്ചത്. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പഴയ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള പദ്ധതിയാണിത്. പുതിയത് ആരംഭിക്കുന്പോൾ തന്നെ പല കാരണങ്ങൾ കൊണ്ട് പിന്നോക്കം പോയ പഴയ സംരംഭങ്ങൾക്ക് കൈത്താങ്ങ് നൽകാനും കുടുംബശ്രീ ആലോചിക്കുന്നു.
ഒരു പഞ്ചായത്തിൽ രണ്ട് പുതിയ സംരംഭങ്ങളെങ്കിലും ആരംഭിക്കണമെന്നാണ് സംസ്ഥാന മിഷൻ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ജില്ലാ മിഷൻ ഇക്കാര്യത്തിൽ കുറേക്കൂടി മുന്നോട്ട് പോവുകയാണ്. ഒരു വാർഡിൽ ഒരു പുതിയ സംരംഭമെങ്കിലും ആരംഭിക്കാനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ മിഷൻ നടത്തിക്കൊണ്ടിരിക്കുന്നത്.
പലപ്പോഴും ജീവിക്കുന്ന പ്രദേശത്തിൻറെ ചരിത്ര-ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അറിയാത്തവരായിരിക്കും ഭൂരിഭാഗം പേരും. ഈ തിരിച്ചറിവിൽ നിന്ന് നാടറിയാം എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. പ്രാദേശിക ചരിത്ര രചനയും പ്രാദേശിക വിഭവങ്ങളെക്കുറിച്ചുള്ള സർവ്വേയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളെ ഉപയോഗിച്ച് നടത്തിയ സർവ്വേ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ഉടൻ തന്നെ പ്രസിദ്ധീകരിക്കും.
ജില്ലയിൽ ഓരോ ബ്ലോക്ക് തലത്തിലും ഒരു ജെൻഡർ റിസോഴ്സ് സെന്റർ ആരംഭിക്കാനും ഉദ്ദേശിക്കുന്നു. ചേളന്നൂർ, കോഴിക്കോട് ബ്ലോക്കുകളിൽ സെന്ററുകൾ ഇതിനോടകം പ്രവർത്തനം ആരംഭിച്ചു. ലിംഗപഠനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടേയും റിസോഴ്സ് സെന്ററുകളായാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
മാനസിക പിരിമുറുക്കവും കുടുംബപ്രശ്നങ്ങളും ലഘൂകരിക്കുന്നതിനും കുട്ടികളുടെ സ്വഭാവരൂപീകരണത്തിനുതകുന്ന കൗണ്സിലിംഗിനും സെന്ററുകളിൽ സൗകര്യമൊരുക്കും. ഇതിനായി കുടുംബശ്രീ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം ലഭ്യമാക്കിയ കമ്മ്യൂണിറ്റി കൗണ്സിലർമാരുടെ സേവനം പ്രയോജനപ്പെടുത്തും.