ഇരവിപേരൂർ: പെണ്‍കുട്ടികൾക്ക് സ്വയം പ്രതിരോധിക്കാനുള്ള പരിശീലന പരിപാടി വനിതാ വാരാചരണത്തിൽ ഇരവിപേരൂരിൽ പൂർത്തീകരിച്ചു. 15 വയസിൽ താഴെയുള്ള പെണ്‍കുട്ടികൾക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ കരാട്ടെ ക്ലാസ് സംഘടിപ്പിച്ചത്.
ഇതിൽ പങ്കെടുത്ത് പരിശീലനം പൂർത്തിയാക്കിയ 106 പെണ്‍കുട്ടികൾക്ക് ബെൽറ്റ് വിതരണം ചെയ്തു. ആറു മാസമായി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിലായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ കരാട്ടെ പരിശീലനം പൂർത്തീകരിച്ചവരുടെ പ്രദർശനവും ബെൽറ്റ്സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുജമാകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക ആശാലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.രാജീവ്, മെംബർമാരായ സാബു ചക്കുമൂട്ടിൽ, വി.കെ. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.
പൊതുഇടം എന്റേതും എന്ന കാന്പെയ്ന്റെ ഭാഗമായി പഞ്ചായത്തിലെ നെല്ലാട്, പഴയകാവ് ജംഗ്ഷനുകളിലേക്ക് വിവിധ വാർഡുകളിൽ നിന്നുള്ള വനിതകളുടെ നടത്തം എന്നിവ സംഘടിപ്പിച്ചു. എല്ലാ വാർഡുകളിലും ഈ കാന്പെയ്ൻ ഏറ്റെടുത്ത് താഴേത്തട്ടുവരെ എത്തിക്കുകയാണ് ലക്ഷ്യം.