കോട്ടയം: തമിഴ്നാട്ടിൽ നിന്ന് എത്തിച്ചു പാലായിൽ സിനിമാ ഷൂട്ടിംഗിനു ഉപയോഗിച്ചിരുന്ന കാരവാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് അധികൃതർ പിടികൂടി. തമിഴ്നട്ടിൽ രജിസ്റ്റർ ചെയ്ത കാരവാൻ നികുതി വെട്ടിച്ചു പാലായിൽ ഷൂട്ടിംഗ് സെറ്റിൽ ഉപയോഗിക്കുകയായിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ്് വിഭാഗം പാലാ ഇടമറുക് ഭാഗത്ത് സിനിമാ ഷൂട്ടിംഗിനായി എത്തിച്ച കാരവാൻ പിടിച്ചെടുത്തത്.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാരവാൻ കേരളത്തിൽ നികുതി അടയ്ക്കാതെ അനധികൃതമായി ഉപയോഗിക്കുകയായിരുന്നു. നാളുകൾക്കു മുന്പു വരെ ഇവിടുത്തെ ഷൂട്ടിംഗ് സെറ്റിൽ കേരള രജിസ്ട്രഷനിലുള്ള കാരവാനാണ് ഉപയോഗിച്ചിരുന്നത്.
പീന്നിടാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമെത്തിച്ചത്. ഇത്തരത്തിൽ സിനിമാ ഷൂട്ടിംഗിനായി കാരവാൻ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം.തോമസ്, ഇൻസ്പെക്്ടർ അനീഷ്, അസിസ്റ്റൻറ് ഇൻസ്പെക്ടർ ഹരി കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്. 21,000രൂപ നികുതിയും 3000രൂപ പിഴയും ഈടാക്കി കാരവാൻ വിട്ടയച്ചു.