തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി. മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്ന് മൊയ്തീന്റെ രണ്ടു ബാങ്കുകളിലെ സ്ഥിരനിക്ഷേപ അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു.
രണ്ടു ബാങ്കുകളിലെ 31 ലക്ഷം രൂപയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മൊയ്തീനെതിരേ നേരത്തെ ഉയർന്ന ആരോപണങ്ങളും പരാതികളും പരിശോധിച്ച് മൊയ്തീനെ വിശദമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് കൊച്ചിയിലെ ഇഡിഓഫീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്തീന് ഇഡി നോട്ടീസ് നൽകും.മച്ചാട് സർവീസ് സഹകരണബാങ്കിലെയും യൂണിയൻ ബാങ്കിലെയും അക്കൗണ്ടുകളാണ് ഇ.ഡി ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.
മൊയ്തീന്റെ വീട്ടിൽനിന്ന് ബാങ്ക് രേഖകൾ പരിശോധനയിൽ ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂചനകളുണ്ട്. എന്നാൽ വീട്ടിൽനിന്ന് ഒന്നുംകൊണ്ടുപോയിട്ടില്ലെന്നാണ് മൊയ്തീൻ പ്രതികരിച്ചത്.
മൊയ്തീന്റെ വീട്ടിൽ റെയ്ഡു നടത്തി തുടർനടപടികളിലേക്ക് ഇഡി കടന്നതോടെ 300 കോടിയോളം രൂപയുടെ കരുവന്നൂർ തട്ടിപ്പു കേസിൽ സിപിഎമ്മിലെ ഉന്നതരിലേക്ക് അന്വേഷണം എത്തിയിരിക്കുകയാണ്.
നിലവിൽ കരുവന്നൂർ കേസിൽ മൊയ്തീൻ പ്രതിപ്പട്ടികയിലില്ല. എന്നാൽ ഇഡിയുടെ അന്വേഷണക്കുരുക്ക് മുറുകുന്പോൾ കേസിന്റെ ഗതി എന്താകുമെന്ന ആശങ്കയിലാണ് നേതൃത്വം.
ഇന്നുപുലർച്ചെ അവസാനിച്ച റെയ്ഡിന്റെ വിശദാംശങ്ങളും മറ്റു കാര്യങ്ങളും വിശകലനം ചെയ്തശേഷമായിരിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്തീന് ഇഡി നോട്ടീസ് നൽകുക. ചോദ്യം ചെയ്യലിനു ശേഷമായിരിക്കും മൊയ്തീനെ കേസിൽ പ്രതിയാക്കണോ എന്ന കാര്യം തീരുമാനിക്കുക. ു