സ്വന്തം ലേഖകൻ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലിയും കിസാൻ പരേഡും നടത്തുമെന്ന കർഷകരുടെ മുന്നറിയിപ്പിനു പിന്നാലെ തലസ്ഥാനത്തേക്ക് ട്രാക്ടർ ഓടിച്ചെത്താനൊരുങ്ങി കർഷക വനിതകളും.
ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ വനിതകൾ ട്രാക്ടർ ഓടിക്കാനുള്ള പരിശീലനത്തിൽ ഏർപ്പെട്ടുതുടങ്ങി.
ഹരിയാനയിലെ സഫ ഖേരി ഗ്രാമത്തിൽ മാത്രം നൂറിലേറെ വനിതകളാണ് ട്രാക്ടർ ഓടിക്കാൻ പഠിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി ഡൽഹി ചെങ്കോട്ടയിലേക്കു കുതിക്കുമെന്നും അതൊരു ചരിത്ര മുഹൂർത്തമായിരിക്കുമെന്നും പരിശീലനം നടത്തുന്ന സിക്കിം നയിൻ പറഞ്ഞു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കർഷകർ നടത്തുന്ന സമരം സർക്കാരുമായുള്ള ആറാംഘട്ട ചർച്ചയിലും തീരുമാനമാകാതെ തുടരുകയാണ്.
ജനുവരി എട്ടിനാണ് അടുത്ത ചർച്ച. തിങ്കളാഴ്ച നടന്ന ചർച്ചയ്ക്കുശേഷം, കർഷകരുടെ യഥാർഥ ശക്തി സർക്കാർ ഇനിയും കാണാൻ ഇരിക്കുന്നതേ ഉള്ളൂ എന്നാണ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സർവാൻ സിംഗ് പാന്ധേർ മുന്നറിയിപ്പു നൽകിയത്.
നിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശിയിൽ സർക്കാർ ഉറച്ചു നിൽക്കുന്പോൾ കടുത്ത ശൈത്യത്തെയും കനത്ത മഴയെയും അവഗണിച്ച് നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് കർഷകർ ഡൽഹി അതിർത്തിയിൽ സമരം ശക്തമാക്കുകയാണ്.
ഡൽഹി അതിർത്തികളിൽ ഇന്നു നടത്താനിരുന്ന ട്രാക്ടർ റാലി കനത്ത മഴയെത്തുടർന്ന് കർഷകർ നാളത്തേക്കു മാറ്റി.
ഇത് റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലിയുടെ സൂചനയായിരിക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് വ്യക്തമാക്കി.