ചണ്ഡിഗഡ്: പഞ്ചാബ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കർഷക രോഷത്തിൽ ഇല്ലാതായി ബിജെപി. ഫലം പ്രഖ്യാപിച്ച ഏഴിൽ ഏഴ് മുനിസിപ്പൽ കോർപ്പറേഷനും കോൺഗ്രസ് സ്വന്തമാക്കി.
മോഗ, ഹോഷിയാർപുർ, കപുർത്തല, അബോഹർ, പത്താൻകോട്ട്, ബതാല, ബതിൻഡ എന്നീ ഏഴ് മുനിലിപ്പൽ കോർപ്പറേഷനുകളും പാർട്ടി ഭരണം പിടിച്ചു.
53 വർഷത്തിനു ശേഷമാണ് കോൺഗ്രസ് തിളക്കമാർന്ന ജയം സ്വന്തമാക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന മൊഹാലിയിലെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.
ബതിൻഡയിൽ കോൺഗ്രസ് 50 ൽ 43 വാർഡുകളിലും ജയിച്ചു. അബോഹറിൽ 50 വാർഡിൽ ഒരിടത്തുമാത്രമാണ് പരാജയം നേരിട്ടത്.
കപൂർത്തലയിൽ 40 സീറ്റിൽ മൂന്നെണ്ണം മാത്രം ശിരോമണി അകാലിദൾ വിജയിച്ചപ്പോൾ മറ്റ് സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കി.
109 നഗർ പഞ്ചായത്തിലേക്കും മുനിസിപ്പൽ കൗൺസിലുകൾക്കുമുള്ള തെരഞ്ഞെടുപ്പിൽ ഫലം പൂർണമായും പുറത്തുവന്നിട്ടില്ലെങ്കിലും മിക്ക സ്ഥലങ്ങളിലും കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളാണ്.
കർഷകനിയമങ്ങൾക്കെതിരെ പ്രക്ഷോഭം അലയടിക്കുന്ന പഞ്ചാബിൽ, നിയമങ്ങൾ പാസാക്കിയ ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പിൽ ജനരോഷം വ്യക്തമാണ്.
മുൻ ബിജെപി മന്ത്രി ത്രിക്ഷൻ സൂദിന്റെ ഭാര്യ ഹോഷിയാർപൂരിൽ നിന്ന് തോറ്റു.