സെബി മാത്യു
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കിസാൻ പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ജനുവരി 26നുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിന പരേഡിനു പിന്നാലെ കിസാൻ പരേഡ് എന്ന പേരിൽ ത്രിവർണ പതാകകൾ ഏന്തിയ ട്രാക്ടറുകൾ കൂട്ടത്തോടെ ഡൽഹിയിലേക്ക് കുതിക്കുമെന്നു കർഷകർ പറഞ്ഞു.
ജനുവരി ആറു മുതൽ 20 വരെ ദേശ ജാഗ്രതി അഭിയാൻ എന്ന പേരിൽ പ്രക്ഷോഭം ശക്തമാക്കും. ആറിന് ഹരിയാനയിലെ കുണ്ഡ്ലി മനേസർപൽവാൽ എക്സ്പ്രസ് വേയിൽ ട്രാക്ടർ മാർച്ച് നടത്തും.
ജനുവരി 13ന് സംക്രാന്തി ദിവസം മൂന്ന് കാർഷിക ബില്ലുകൾ കത്തിക്കും. 18ന് മഹിളാ കർഷക ദിനമായി ആചരിക്കും. 23ന് എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനുകളിലേക്ക് പ്രതിഷേധമാർച്ച് നടത്തും.
നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ജന്മദിനമായ 23ന് ഗവർണറുടെ വസതിക്കു മുന്നിൽ പ്രതിഷേധിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അംഗവും ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റുമായ ഡോ. ദർശൻ പാൽ പറഞ്ഞു.
40 കർഷക സംഘടനകളുടെ സമിതിയാണ് സംയുക്ത കിസാൻ മോർച്ച. നാളെ സർക്കാരുമായി വീണ്ടും ചർച്ച നടത്തുന്നുണ്ട്. അഞ്ചിന് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലും വരും.