കോട്ടയം: അയ്മനം കരീമഠം ഗവ. വെൽഫെയർ യുപി സ്കൂളിലെ ഹെഡ്മാസ്റ്റർ പി.കെ. ദേവദാസ് ഇപ്പോൾ തിരക്കിലാണ്. താൻ പ്രഥമ അധ്യാപകനായിരിക്കുന്ന സ്കൂളിൽ പ്രവേശനോത്സവം കെങ്കേമമാക്കാനുള്ള പെയിന്റിംഗിലാണ് അദ്ദേഹമിപ്പോ ൾ. ഇദ്ദേഹത്തിനു കൂട്ടായി സ്കൂളിലെ മറ്റ് അധ്യാപകരും സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളുമുണ്ട്. കഴിഞ്ഞ പ്രളയകാലം കരീമഠം സ്കൂളിനും ഇവിടത്തെ അധ്യാപകർക്കും കുട്ടികൾക്കും മറക്കാൻ പറ്റില്ല.
കഴിഞ്ഞ ഓണക്കാലത്തുണ്ടായ മഹാപ്രളയം കരീമഠം സ്കൂളിനെ പൂർണമായും വെള്ളത്തിൽ മുക്കിയിരുന്നു. സ്കൂളിന്റെ മേൽക്കൂരവരെ വെള്ളം കയറി. പഠനോപകരണങ്ങളും സ്കൂൾ രേഖകളും പൂർണമായും നശിച്ചു പോയി. രണ്ടു മാസക്കാലം സ്കൂൾ പ്രവർത്തിച്ചിരുന്നില്ല. കഴുത്തറ്റം വെള്ളത്തിൽ ജീവനോപാധികളുമായി നാട്ടുകാർ ഓടുന്പോഴും തങ്ങളുടെ സ്കൂളിനെ കരുതലോടെ ഇവർ ചേർത്തു പിടിച്ചിരുന്നു.
പ്രളയം കഴിഞ്ഞപ്പോൾ നാട്ടുകാർ ഒന്നാകെ ചേർന്ന് സ്കൂൾ പിടിഎയുടെ നേതൃത്വത്തിലാണ് സ്കൂളിനെ പൂർവ സ്ഥിതിയിലാക്കിയത്. ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് സ്കൂൾ അധികൃതർ. നാട്ടുകാരുടെയും പിടിഎയുടെയും സഹകരണത്തോടെയാണ് സ്കൂളിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
ക്ലാസ്മുറികളെല്ലാം ചായം പൂശി മനോഹരമാക്കിക്കഴിഞ്ഞു. ഹെഡ്മാസ്റ്റർ പി.കെ. ദേവദാസിന്റെ നേതൃത്വത്തിൽ അധ്യാപകരും മാതാപിതാക്കളും ചേർന്നാണ് സ്കൂളിന് പെയിന്റടിച്ചത്. കുമരകം ബോട്ട് ഓണേഴ്സ് അസോസിയേഷനാണ് പെയിന്റ് നൽകിയത്. പിടിഎ അംഗങ്ങളാണ് പെയിന്റിംഗിനു മുന്നോടിയായി സ്കൂൾ കഴുകി വൃത്തിയാക്കിയത്. പഞ്ചായത്ത് ഹൈടെക് ക്ലാസ് റൂം നിർമിച്ചു നൽകി.
ഫർണീച്ചറുകളും നൽകി. പൂർവവിദ്യാർഥികളാണ് സ്കൂളിലേക്കുള്ള പഠനോപകരണങ്ങൾ നൽകിയത്. അഞ്ചുമുതൽ ഏഴുവരെ ക്ലാസ് മുറികൾ ഹൈടെക് ക്ലാസ് മുറികളാക്കി. പ്രളയത്തിൽ തകർന്ന പാചക പുരയ്ക്കു പകരം പഞ്ചായത്ത് പുതിയ പാചകപുരയും നിർമിച്ചു നൽകി. അയ്മനം പഞ്ചായത്തിൽ പടിഞ്ഞാറു പ്രദേശമായ കരീമഠത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വീടും വെള്ളത്തിൽ മുങ്ങി. സ്കൂളിലെ മുഴുവൻ കുട്ടികളും ഒരു മാസക്കാലം ദുരിതാശ്വാസ ക്യാന്പുകളിലായിരുന്നു. പ്രളയത്തിൽ മുങ്ങിയ കുട്ടികളുടെ വീടുകളിൽ അധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘം എത്തി. കുട്ടികൾക്ക് പഠന കിറ്റുകൾ നൽകുകയും പ്രളയാനന്തര അതീജീവന ബോധവത്കരണ പരിപാടിൾ നടത്തുകയും ചെയ്തിരുന്നു.