കോട്ടയം: പ്രളയാവധിക്കുശേഷം പ്രഥമാധ്യാപിക സിന്ധു ടീച്ചറിനും സഹ അധ്യാപകർക്കും കുട്ടികൾക്കും കരീമഠം സ്കൂളിലേക്കു പ്രവേശിക്കാൻ സാധിച്ചിട്ടില്ല. ജില്ലയിലെ 864 സ്കൂളുകളിൽ ഇനിയും തുറക്കാൻ കാത്തിരിക്കുന്ന അയ്മനത്തെ കരീമഠം ഗവണ്മെന്റ് യുപി സ്കൂൾ വെള്ളക്കെട്ടിലാണ്. സ്കൂൾ മാത്രമല്ല ചുറ്റുമുള്ള പാടങ്ങളും വെള്ളത്തിൽ.
മഴയിൽ സ്കൂളിന്റെ മതിലിടിഞ്ഞപ്പോൾ പാടത്തുനിന്നുള്ള വെള്ളം സ്കൂൾ മൈതാനം മൂടി. താഴ്ന്ന പ്രദേശമായതിനാൽ കായൽനിരപ്പിനൊപ്പം വെള്ളക്കെട്ട് തുടരുകയാണ്. 400 ഏക്കർ വേഴപ്പറന്പ് പാടശേഖരത്തിനു സമീപത്തെ ഈ സ്കൂളിൽ 16നു വെള്ളം കയറിയതാണ്. പ്രളയത്തിൽ മേൽക്കൂരവരെ വെള്ളമെത്തിയിരുന്നു. ഇപ്പോഴും മുറ്റത്ത് മുട്ടോളമുണ്ട് വെള്ളം.
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലായി 34 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പഞ്ചായത്തിന്റെയും പിടിഎയുടെയും ആഭിമുഖ്യത്തിൽ നാളെ ശുചീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ജൂലൈയിലെ വെള്ളപ്പൊക്കത്തിലും സ്കൂൾ വെള്ളത്തിലായതിനാൽ പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് ഫയലുകൾ മാറ്റിയിരുന്നു. അവസാന വെള്ളപ്പൊക്കത്തിൽ ഓഫീസ് കെട്ടിടവും മുങ്ങിയതിനാൽ എല്ലാം രേഖകളും നശിച്ചിട്ടുണ്ടാകുമെന്ന് ഹെഡ്മിസ്ട്രസ് കെ.വി. സിന്ധു ആശങ്കപ്പെടുന്നു.
ഒന്നോ രണ്ടോ കുട്ടികൾ ബന്ധുവീട്ടിൽ പോയതൊഴിച്ചാൽ ബാക്കി കുട്ടികളെല്ലാവരും ക്യാന്പുകളിലായിരുന്നു. തിങ്കളാഴ്ച പഠനം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഹെഡ്മിസ്ട്രസും സഹ അധ്യാപകരും. കുട്ടികളുടെ ബുക്കും പുസ്തകവും എല്ലാം നഷ്ടപ്പെട്ടു. സ്കൂൾ തുറക്കുന്പോൾ കൗണ്സലിംഗും മെഡിക്കൽ ക്യാന്പും ഒരുക്കിയിട്ടുണ്ട്.
സിന്ധു ടീച്ചർ കാത്തിരിക്കുന്നു, വീട് നിറയെ സമ്മാനങ്ങളുമായി
കോട്ടയം: വീട് നിറയെ കുട്ടികൾക്കുള്ള സമ്മാനങ്ങളുമായി കാത്തിരിക്കുകയാണ് കരീമഠം യുപി സ്കൂളിലെ പ്രധാനാധ്യാപിക എ.കെ. സിന്ധു ടീച്ചർ. വിദേശത്തുള്ള സുഹൃത്തുക്കളിൽനിന്നും മറ്റു ബന്ധുമിത്രാദികളിൽനിന്നും ശേഖരിച്ച വസ്ത്രങ്ങളും അരിയും പയർ വർഗങ്ങളും അടങ്ങിയ സാധനങ്ങൾ കണിച്ചുകുളങ്ങരയിലെ തന്റെ വീട്ടിൽ പായ്ക്കു ചെയ്യുന്ന തിരക്കിലാണ് ടീച്ചർ.
കുട്ടികൾ വരുന്പോൾ ഇല്ലായ്മകൾ അറിയരുത്. നിറഞ്ഞ മനസോടെ വേണം പഠനം തുടരാൻ. ആ കുരുന്നു മുഖങ്ങളിലെ പുഞ്ചിരി മായാതിരിക്കാൻ എന്തു ചെയ്യാനും തങ്ങൾ സന്നദ്ധരാണെന്ന് ടീച്ചർ പറഞ്ഞു.