പള്ളുരുത്തി: സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കൾ കലർന്നതായ റിപ്പോർട്ടുകൾ ആശങ്ക പരത്തുന്നതിനിടെ ഇടക്കൊച്ചിയിലെ സർക്കാർ ഫിഷ് ഫാം വഴി വിലകുറച്ചുനടത്തുന്ന മത്സ്യവില്പന ആശ്വാസമാകുന്നു.
ആവശ്യക്കാരേറെയുള്ള കരിമീന്റെയും പൂമിന്റെയും വില്പനയാണ് ആരംഭിച്ചിരിക്കുന്നത്. വീട്ടാവശ്യത്തിനുള്ള മത്സ്യം മാത്രമേ നിലവിൽ നൽകൂ. രാവിലെ ഏഴ് മുതൽ ഒന്പത് വരെയായിരുന്നു മത്സ്യവില്പന.
ബുധനും ശനിയും മാത്രമായി വില്പന ക്രമീകരിച്ചിട്ടുണ്ട്. മത്സ്യലഭ്യത വർധിക്കുന്ന മുറയ്ക്ക് എല്ലാ ദിവസവും ചന്ത തുറക്കുമെന്നു ഫാം ഇൻചാർജ് ജോസഫ് പറഞ്ഞു. 700 രൂപ വിലയുള്ള കരിമീൻ 400 രൂപയ്ക്കും 500 രൂപ വിലയുള്ള പൂമീൻ 250 രൂപയ്ക്കും ഇവിടെനിന്നു ലഭിക്കും.
വിഷാംശമില്ലാത്ത മീൻ മാർക്കറ്റു വിലയേക്കാൾ കുറവിൽ കിട്ടുന്നതിനാൽ വൻതിരക്കാണിവിടെ. ഇന്നലെ മാത്രം 150 കിലോയോളം കരിമീനും പൂമിനും വിറ്റുതീർന്നു.
ഫിഷറീസ് വകുപ്പിന്റെ 27 ഏക്കർ സ്ഥലത്താണ് കൂടു മത്സ്യക്കൃഷി നടത്തുന്നത്. വകുപ്പു നേരിട്ടു നടത്തുന്ന ജില്ലയിലെ ആദ്യ കൂടുകൃഷിഫാം കൂടിയാണിത്. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള കേരള ജലകൃഷി വികസന ഏജൻസിക്കാണ് ചുമതല.
ഫാമിൽ സ്ഥാപിച്ചിട്ടുള്ള കൂടുകളിൽ തലശേരി, ആയിരംതെങ്ങ്, പൊയ്യ, ഞാറക്കൽ, അഴീക്കോട് എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന കരിമീൻ കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചത്.
കായലിൽനിന്നു ലഭിക്കുന്ന പ്രകൃതിദത്തമായ തീറ്റകളും പോഷകസമൃദ്ധമായ മീൻതീറ്റകളും ഭക്ഷണമായി നൽകും. ഫാമിനോട് ചേർന്ന് മത്സ്യവില്പന കേന്ദ്രം നിർമിച്ചിട്ടില്ലാത്തതിനാൽ പൊതുനിരത്തിൽ വച്ചാണു നിലവിൽ വില്പന.