അടിയും സംഘർഷവും ചൂതാട്ടകേന്ദ്രത്തിനു സമീപം പതിവായതോടെ പരാതികളും കൂടി. ഇതോടെയാണ് പോലീസ് മിക്കപ്പോഴും ഇവിടേക്ക് എത്തിയത്.
പോലീസിന്റെ വരവും പോക്കും ചൂതാട്ട കേന്ദ്രത്തിന്റെ നടത്തിപ്പിനെ ബാധിച്ചു. ഇതോടെ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന ആലോചനയിലായി കരിം ലാല.
ഒടുവിൽ ഹാജി മസ്താൻ വിജയകരമായി നടപ്പാക്കുന്ന തന്ത്രം പുറത്തെടുക്കാൻ തീരുമാനിച്ചു. ശത്രുവിനെ മിത്രമാക്കുക! അങ്ങനെ ലാല പോലീസിലെ ഉദ്യോഗസ്ഥരുമായി ചങ്ങാത്തം സ്ഥാപിച്ചു. അവർക്കു വേണ്ടതെല്ലാം നൽകി.
പണവും പെണ്ണും മദ്യവുമൊക്കെ ഉദ്യോഗസ്ഥർക്ക് ഇഷ്ടം പോലെ കിട്ടി. എന്തിനും ഏതിനും ആശ്രയിക്കാവുന്ന ലാല പോലീസുകാർക്കും പ്രിയപ്പെട്ടവനായി.
ഇതോടെ ലാലയുടെ ഇരുണ്ട സാമ്രാജ്യത്തിന്റെ വളർച്ച തുടങ്ങി. പോലീസ് വരുതിയിലായതോടെ ഇയാളെ എതിർക്കാൻ മറ്റുള്ളവരും ഭയപ്പെട്ടു. അതിക്രമങ്ങൾ ഇരയായവർ പോലും പരാതി നൽകാതെയായി.
കരിംലാലയ്ക്കെതിരേ പരാതി നൽകിയാലും ഒന്നും സംഭവിക്കില്ലെന്ന് അവർക്കു മനസിലായിത്തുടങ്ങിയിരുന്നു. പതിയെപ്പതിയെ തെക്കൻ മുംബൈയിലെ അധോലോകം കരിം ലാലയുടെ അധീനതയിലായി.
കള്ളക്കടത്തിലേക്ക്
ചൂതാട്ടംകൊണ്ടു മാത്രം കാര്യമില്ലെന്നു ലാലയ്ക്കു തോന്നിത്തുടങ്ങി. പെട്ടെന്നു കൂടുതൽ പണം കിട്ടുന്ന രംഗത്തേക്കും ചുവടുവയ്ക്കാൻ തീരുമാനിച്ചു.
അങ്ങനെ 1940കളുടെ അവസാനത്തോടെ കരീം ലാല വജ്രങ്ങളും സ്വർണവും കടത്താൻ ആരംഭിച്ചു. കള്ളക്കടത്ത് ബിസിനസിൽനിന്നു പണം വരാൻ തുടങ്ങിയപ്പോൾ ലാല ബോംബെയിൽ കൂടുതൽ ചൂതാട്ടകേന്ദ്രങ്ങൾ തുറന്നു.
മദ്യവ്യാപാരവും തുടങ്ങി. അനധികൃതമായ മാർഗങ്ങളിലൂടെയെല്ലാം സഞ്ചരിക്കാൻ തുടങ്ങിയ കരിം ലാലയെ ജനങ്ങൾ ഭയപ്പാടോടെയാണ് കണ്ടത്.
വെളുത്ത സഫാരി സ്യൂട്ടിൽ രാജകീയ പ്രൗഢിയോടെ നടക്കുന്ന കരിംലാലയെ രാജാവ് എന്നായിരുന്നു ജനം വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ അടുത്തേക്കു ചെല്ലാൻ പോലും ജനങ്ങൾ ഭയപ്പെട്ടിരുന്നു.
റിക്കവറിംഗ് ഏജന്റ്
പണം പലിശയ്ക്കു കൊടുക്കുന്ന നിരവധി മാർവാഡികൾ അക്കാലത്തു മുംബൈയിലുണ്ടായിരുന്നു. ഇവരിൽനിന്നു പണം വാങ്ങി പലരും മുങ്ങാറുണ്ടായിരുന്നു. ചിലരാവട്ടെ തിരിച്ചടവുകൾ മുടക്കുന്നവരും.
ഇങ്ങനെ പണം വാങ്ങി മുങ്ങിയവരെ കണ്ടെത്താനും പണം തിരിച്ചുപിടിക്കാനുമൊക്കെ അവർക്കു ക്രിമിനലുകളെ ആവശ്യമായിരുന്നു. ഇത്തരക്കാർ പലപ്പോഴും കരിം ലാലയുടെ പത്താൻഗ്രൂപ്പിന്റെ സഹായമായിരുന്നു തേടിയിരുന്നത്.
ഇങ്ങനെ തിരിച്ചുപിടിച്ചു നൽകുന്ന പണത്തിന്റെ നിശ്ചിത ശതമാനം പത്താൻ ഗ്രൂപ്പിന് ഉള്ളതായിരുന്നു. കടകളിൽനിന്നും വീടുകളിൽനിന്നും ഒഴിഞ്ഞു മാറാത്തവരെ കുടിയൊഴിപ്പിക്കാനും കരിം ലാലയും സംഘവും എത്തി.
അനധികൃത മദ്യവ്യാപാരം, ചൂതാട്ടം, തട്ടിക്കൊണ്ടുപോകൽ, കരാർ കൊലപാതകങ്ങൾ, നിർബന്ധിത കുടിയൊഴിപ്പിക്കൽ, കൊള്ളയടിക്കൽ തുടങ്ങി കരിംലാലയും സംഘവും ചെയ്യാത്ത പണികളൊന്നുമില്ലെന്നായി.
ദർബാർ സദസുകൾ
വൈകാതെ കരിം ലാല ശരിക്കും ഒരു നാടുവാഴിയായി മാറിത്തുടങ്ങി. തന്റെ താമസസ്ഥലത്ത് ആഴ്ച തോറും ദർബാർ സദസുകൾ സംഘടിപ്പിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ലാലയോടു വന്ന് ആവലാതികളും പ്രശ്നങ്ങളും ആ ദർബാർ സദസിൽ പറയുമായിരുന്നു. ക്രിമിനൽ ആയിരുന്നെങ്കിലും സാന്പത്തികം ആവശ്യമുള്ളവരെ സഹായിക്കാൻ ഇയാൾ തയാറായി.
സഹായം തേടി വരുന്നവർക്കു തന്റെ മസിൽ പവർ ഉപയോഗിച്ചു നീതി നടപ്പാക്കി കൊടുക്കാനും മടിച്ചിരുന്നില്ല. അങ്ങനെ ഈ ദർബാർ പാവപ്പെട്ടവരുടെ ഒരു അഭയസ്ഥാനം കൂടിയായിരുന്നു.
പോലീസും കോടതിയും ഇടപെടേണ്ട പല ബഹളങ്ങളും പ്രശ്നങ്ങളും കരിം ലാല നിഷ്പ്രയാസം പരിഹരിച്ചു കൊടുക്കുമായിരുന്നു.
(തുടരും)