നടൻ സെയ്ഫ് അലിഖാന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാൻ സത്യത്തിൽ കരഞ്ഞുപോയി. കരയിപ്പിച്ചതു മറ്റാരുമല്ല, സെയ്ഫ് അലിഖാന്റെ ഭാര്യ കരീന കപൂർ.
സോഹ അലി ഖാൻ രചിച്ച ദ പെരിൽസ് ഓഫ് ബീയിംഗ് മോഡറേറ്റ്ലി ഫേമസ് എന്ന പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നപ്പോഴാണ് കരീനയുടെ വാക്കുകൾ സോഹയെ കരയിച്ചത്. സോഹയുടെ മാതാവ് ഷർമിള ടാഗോർ, ഭർത്താവ് കുനാൽ ഖേമു തുടങ്ങിയവരും സദസിലുണ്ടായിരുന്നു. സോഹയ്ക്കും സെയ്ഫിനുമൊപ്പം വേദിയിലിരിക്കവേ അവതാരകയുടെ ചോദ്യത്തിനു മറുപടിയായി കരീന സോഹയെ പറ്റി സംസാരിച്ചതാണ് സോഹയുടെ കണ്ണു നിറയിച്ചത്.
സോഹ കുടുംബത്തിന്റെ നട്ടെല്ലാണെന്നും അവൾ തന്റെ പിതാവ് മൻസൂർ ഖാൻ അലി ഖാൻ പട്ടോഡിയെ പരിചരിച്ചതു പോലെ മറ്റൊരു പെൺകുട്ടിയും സ്വന്തം പിതാവിനെ പരിചരിച്ചിട്ടുണ്ടാവില്ലെന്നും കരീന പറഞ്ഞു. താനും ഒരു മകളാണ്. പക്ഷെ സോഹ തന്റെ പിതാവിനെ ശുശ്രൂഷിച്ചതുപോലെ തനിക്ക് സാധിക്കില്ലെന്നും കരീന പറഞ്ഞു. കുടുംബത്തിലുള്ള മറ്റെല്ലാവർക്കും സോഹ നൽകുന്ന പിന്തുണ പറഞ്ഞറിയിക്കാനാവില്ല. നിശ്ചയദാർഢ്യമുള്ള കുട്ടിയാണ് സോഹ- കരീന പറഞ്ഞു. കരീനയുടെ വാക്കുകൾ കേട്ട് കണ്ണുകൾ തുടച്ച സോഹയെ സഹോദരൻ സെയ്ഫ് ആശ്വസിപ്പിക്കുകയും ചെയ്തു.