കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമര്‍വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന നടിയായിരുന്നു കരീന കപൂര്‍. എന്നാല്‍ ഇത്തരം വേഷങ്ങളില്‍ തളയ്ക്കപ്പെട്ടാല്‍ അത് കരിയര്‍ തന്നെ തകര്‍ക്കുമെന്ന് മനസ്സിലാക്കിയ നടി ധീരമായ തീരുമാനം കൈക്കൊള്ളാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു.
ഒരു നടി എന്ന നിലയില്‍ തന്നെ സ്വയം ഉയര്‍ത്താന്‍ കരീന ഇപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടാറുണ്ട്. എന്നാല്‍ ഇത്തരമൊരു തിരഞ്ഞെടുപ്പുകളിലേക്ക് കരീനയെ നയിച്ച അവരുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കാന്‍ തുടക്കം കുറിച്ച ഒരു ചിത്രത്തെക്കുറിച്ചും മറ്റും കരീന, കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡിലെത്തിയതിന്റെ നാലാം വര്‍ഷത്തില്‍ തന്റെ ചലച്ചിത്ര ജീവതത്തിലെ 13-ാമത്തെ ചിത്രത്തില്‍ കരീന കപൂര്‍ ധീരമായ ഒരു ചുവടുവച്ചു.
അതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അനന്ത് ബാലാനി, സുധീര്‍ മിശ്ര സംവിധാനം ചെയ്ത ‘ചമേലി’ എന്ന ചിത്രത്തില്‍ ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് കരീന എത്തിയത്.
പ്രശസ്തരായ കപൂര്‍ കുടുംബത്തിലെ യുവ രക്തം തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു ‘അപകടസാധ്യതയുള്ള’ വേഷം തിരഞ്ഞെടുത്തത് ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു.
സമാന്തര സിനിമ എന്ന് വിളിച്ച് മാറ്റിനിര്‍ത്തുന്ന വിഭാഗത്തിലെ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് കരീനയുടെ താരപദവി ഇല്ലാതാക്കുമോയെന്നു വരെ ചോദ്യമുയര്‍ന്നു. ഒടുവില്‍ കരീന അതിനെയെല്ലാം തരണം ചെയ്ത് തന്റെ കഴിവ് തെളിയിച്ചു.
ചമേലിയിലെ കഥാപാത്രത്തിന് വേണ്ടി ചെയ്ത തയ്യാറെടുപ്പിനെക്കുറിച്ച് കരീന, ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത് താന്‍ ചമേലിയായി മാറാന്‍ മുംബൈയില്‍ ചുവന്നതെരുവില്‍ പോയി ലൈംഗികതൊഴിലാളികളായ സ്ത്രീകളെ പഠിച്ചുവെന്നാണ്.
കരീനയുടെ വാക്കുകള്‍ ഇങ്ങനെ…”കഥാപാത്രത്തിനായി ഞാന്‍ രാത്രിയില്‍ മുംബൈയിലെ മിക്ക റെഡ് ലൈറ്റ് പ്രദേശങ്ങളും സന്ദര്‍ശിച്ചു. എന്റെ കാറിനുള്ളിരുന്ന് ഈ ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചു.
അവരുടെ പെരുമാറ്റരീതികള്‍, അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, അവര്‍ ഇടപാടുകാരുമായി എങ്ങനെ സംസാരിക്കുന്നുവെന്നൊക്കെ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു,” കരീന പറഞ്ഞു.
ഒരു സാധാരണ ലൈംഗികത്തൊഴിലാളിയായി കരീന ചിത്രത്തില്‍ നിറഞ്ഞാടിയപ്പോള്‍ താരം നടത്തിയ കഠിനാധ്വാനം ഫലം കണ്ടുവെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യമായി.
മറ്റ് പല അഭിനേതാക്കളെ പോലെ തന്നെ ചമേലിയിലെ വേഷം ആദ്യം കരീനയും നിരസിച്ചിരുന്നു. മാതാപിതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലായിരുന്നു താരം.
പുകവലിക്കുകയും സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുകയും ചെയ്യുന്ന കഥാപാത്രത്തെ കരീന ഭയപ്പെട്ടു. ഒരുപാട് ആലോചനകള്‍ക്ക് ശേഷം താരം തന്റെ മാതാപിതാക്കളുമായി ചര്‍ച്ച നടത്തുകയും ഇത് ഒരു ധീരമായ വിഷയമാണെന്നും തന്റെ കരിയറില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ബോധ്യപ്പെടുത്തി അവരുടെ പിന്തുണ നേടി.
”ഇപ്പോള്‍ ഞാനിത് ചെയ്തില്ലെങ്കില്‍ എനിക്ക് ചുറ്റുമുള്ള തിളങ്ങുന്ന പ്രതിച്ഛായയില്‍ കുടുങ്ങാനുള്ള അപകടസാധ്യതയുണ്ട്,” എന്ന് കരീന അന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കരീനയ്ക്കൊപ്പം രാഹുല്‍ ബോസും യശ്പാല്‍ ശര്‍മ്മയും റിങ്കെ ഖന്നയും അഭിനയിച്ച ചമേലി ബോക്സ് ഓഫീസ് ഹിറ്റായി കണക്കാക്കപ്പെടുന്നില്ലെങ്കിലും കരീനയുടെ അഭിനയവും ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫിയും പല അവാര്‍ഡ് വേദികളിലും അംഗീകാരം നേടിയിരുന്നു.
ആ കാലഘട്ടത്തില്‍ മിക്കവാറും ‘മസാല സിനിമകള്‍’ മാത്രം ചെയ്ത ആര്‍ട്ടിസ്റ്റിന് ഇതൊരു പുതിയ ഇടമായിരുന്നു. ചമേലിക്ക് ശേഷമാണ്, കരീന ഭയപ്പെടാതെ പരീക്ഷണങ്ങള്‍ക്ക് തയ്യാറായത്. പിന്നെ ബോളിവുഡിലെ മുന്‍നിര നടിയായി മാറിയത് ചരിത്രം.