സിനിമാ താരങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നിരിക്കേ അതിന് അപവാദമാണ് ബോളിവുഡ് താരം കരീന കപൂര്‍. സിനിമ പ്രമോഷനു വേണ്ടിയും ആരാധകരുമായി സംവദിക്കുന്നതിനും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നവരില്‍ പതിറ്റാണ്ടുകളായി സിനിമയില്‍ ഉള്ളവര്‍ മുതല്‍ പുതുമുഖ താരങ്ങള്‍ വരെയുണ്ട്. എന്നാല്‍ എന്തുകൊണ്ട് ബോളിവുഡിന്റെ താരറാണി കരീന കപൂറിന് ഇതുവരെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ല എന്നത് ആരാധകര്‍ക്കിടയിലെ കുഴപ്പിക്കുന്ന ഒരു ചോദ്യമായി അവശേഷിച്ചിരുന്നു. ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കി കരീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തതിന് താരത്തിന്റെ മറുപടി ഇങ്ങനെ.
‘അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്.സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, എന്നാണ് കരീനയുടെ മറുപടി.
മകന്‍ തൈമൂര്‍ പിറന്നതിന് ശേഷം സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു കരീന കപൂര്‍. ഇപ്പോഴിതാ പുതിയ ചിത്രമായ ശശാങ്ക ഘോഷിന്റെ ‘വീരെ ദി വെഡ്ഡിംഗ്’ പുറത്തിറങ്ങാനിരിക്കുന്നു. സോനം കപൂറും സ്വര ഭാസ്‌കറുമൊക്കെയാണ് ചിത്രത്തിലെ സഹതാരങ്ങള്‍. ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെയാണ് താരം ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കിയത്.