താരങ്ങളുമായി ബന്ധപ്പെട്ട ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വാര്‍ത്തയാകാറുണ്ട്. അത്തരത്തിലൊന്നാണ് കരീന- സെയ്ഫ് ദമ്പതികളുടെ പുത്രന്റെ ജനനവും ആ കുഞ്ഞിനിട്ട പേരിനെച്ചൊല്ലിയുണ്ടായ വിവാദവും. 2016 ഡിസംബര്‍ 20ന് ജനിച്ച ആദ്യത്തെ കണ്‍മണിയ്ക്ക് തൈമൂര്‍ എന്ന പേര് നല്‍കിയതോടെയാണ് താരദമ്പതികള്‍ പ്രേക്ഷകരുടെയും ആരാധകരുടെയും ആക്ഷേപങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നത്. അതി ക്രൂരനായിരുന്ന ഒരു ഭരണാധികാരിയുടെ പേര് മാത്രമേ കുഞ്ഞിനിടാന്‍ കിട്ടിയുള്ളോ എന്നതായിരുന്നു അവരുടെ ചോദ്യം. എന്നാല്‍പ്പോലും തങ്ങളുടെ കുട്ടിയ്ക്ക് എന്ത് പേരിടണമെന്ന് തീരുമാനിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നും ആരൊക്കെ പറഞ്ഞാലും അത് മാറ്റാന്‍ തങ്ങള്‍ക്കുദ്ദേശമില്ലെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഏതൊരമ്മയേയും പോലെ സ്വന്തം കുട്ടിയെക്കുറിച്ച് ഒന്നിനുപിറകേ ഒന്നായി വിവാദങ്ങള്‍ ഏറ്റുവാങ്ങാന്‍ താത്പര്യമില്ലാത്തതിനാലാണെന്നു തോന്നുന്നു, ഇവയ്‌ക്കെല്ലാം ഒരു അവസാനം വരുത്താന്‍ താരദമ്പതികള്‍ തീരുമാനിച്ചു. അങ്ങനെയാണ് കുഞ്ഞിന്റെ പേര് മാറ്റാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പിആര്‍ഒയുടെ സഹായത്തോടെ ഒരു കത്തും തയാറാക്കി. എന്നാല്‍ പിന്നീട് ആ കത്ത് പുറത്തുവിടേണ്ട എന്നും തീരുമാനിച്ചിരുന്നു. പക്ഷേ സമ്മര്‍ദ്ദമേറിയപ്പോള്‍ വീണ്ടും പേര് മാറ്റാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കുഞ്ഞിനെ ലിറ്റില്‍ ജോണ്‍ എന്നുവിളിച്ചു തുടങ്ങിയത്. ഇവരുടെ സുഹൃത്തുക്കളും കുഞ്ഞിനെ ജോണ്‍ എന്നുവിളിച്ചു തുടങ്ങി. ഇനിയെങ്കിലും ഒരു പേരിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് സെയ്ഫും കരീനയും ആശ്വസിക്കുന്നത്.