വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസഡൻറ് ഡോണൾഡ് ട്രംപുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ഒരു യുവതി കൂടി രംഗത്ത്. പ്ലേബോയി മാഗസിനിന്റെ മുൻ മോഡൽ കാരെൻ മക്ഡൗഗൽ ആണ് രംഗത്തുവന്നിരിക്കുന്നത്. ട്രംപുമായി 2006 ൽ ശാരീരികബന്ധം ഉണ്ടായിരുന്നെന്നാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. മിലാനിയ ട്രംപ് ഇളയകുട്ടിയെ പ്രസവിച്ച് ഒരു മാസത്തിനു ശേഷമായിരുന്നു ഇരുവരും തമ്മിൽ ബന്ധം സ്ഥാപിച്ചതെന്നും കാരെൻ പറയുന്നു.
ഒൻപതു മാസം മാത്രം നിലനിന്ന ബന്ധം എന്നാൽ പെട്ടെന്ന് അവസാനിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കാരെൻ ഈ ബന്ധത്തെക്കുറിച്ചുള്ള വിവരം ഒരു മാധ്യമത്തിന് നൽകിയിരുന്നതായി ന്യൂയോർക്കർ 2016 ആഗസ്റ്റ് അഞ്ചിനു റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ മാഗസിനായ ദി ന്യൂയോർക്കർ ആണ് വാർത്ത പുറത്തുവിട്ടത്.
പ്ലേബോയി പാർട്ടിയിൽവച്ചാണ് ട്രംപ് ആദ്യമായി തന്നെ കണ്ടതെന്നു ഇവർ പറയുന്നു. ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ 82,500 യുഎസ് ഡോളർ നൽകിയെന്നും ആരോപിക്കുന്നു. എന്നാൽ കരെനുമായി ട്രംപിന് യാതൊരു വിധത്തിലുള്ള ബന്ധവുമില്ലായിരുന്നെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. നേരത്തെ വന്നതുപോലെയുള്ള വ്യാജ വാർത്തയാണിതെന്ന് വക്താവ് വ്യക്തമാക്കി. ഇതോടെ ട്രംപുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തുന്ന രണ്ടാമത്തെ യുവതിയാണ് കാരെൻ.