കാസര്‍ഗോട്ടെ ഷിറിയ വില്ലേജില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആറേക്കര്‍ സ്ഥലത്ത് കാടുമൂടിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ കോട്ട 12-ാം നൂറ്റാണ്ടില്‍ ഈ പ്രദേശം ഹോയ്സാല രാജാക്കന്മാരുടെ അധീനതയിലായിരുന്ന കാലത്തിന്റെ ശേഷിപ്പാണെന്ന് ചരിത്രഗവേഷകര്‍.
ഹൊയ്സാല രാജാക്കന്മാരുടെ സാമന്തന്മാരായി നാടുഭരിച്ച ബല്ലാളന്മാരായിരിക്കാം ഈ കോട്ട നിര്‍മിച്ചതെന്നാണ് അനുമാനമെന്ന് കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്രവിഭാഗം അധ്യാപകരായ നന്ദകുമാര്‍ കോറോത്ത്, സി.പി. രാജീവന് എന്നിവര്‍ പറഞ്ഞു.
ഷിറിയ വില്ലേജിലെ അടുക്കം എന്ന സ്ഥലത്ത് അകത്തു കടക്കാനാകാത്തവിധം കാടുപിടിച്ചനിലയില്‍ ഒരു കോട്ട നിലനില്‍ക്കുന്നുണ്ടെന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫാണ് ചരിത്രഗവേഷകരെ അറിയിച്ചത്. ഇവിടെ ഇങ്ങനെയൊരു കോട്ടയുണ്ടെന്ന കാര്യം ഇതുവരെ നാട്ടുകാര്‍ക്കു മാത്രമാണ് അറിയാമായിരുന്നത്.
ഇവിടെയെത്തി പരിശോധന നടത്തിയപ്പോഴാണ് കേരളത്തില്‍ ഇന്ന് നിലനില്ക്കുന്നതില് ഏറ്റവും പഴക്കവും വലിപ്പവുമുള്ള കോട്ടകളിലൊന്നാണ് ഇതെന്ന് ചരിത്രഗവേഷകര്‍ തിരിച്ചറിഞ്ഞത്.
എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതായി കരുതപ്പെടുന്ന വിഴിഞ്ഞത്തെ കോട്ടയാണ് സംസ്ഥാനത്ത് നിലവിലുള്ളവയില്‍ ഏറ്റവും പഴക്കമേറിയത്. ഈ കോട്ടയുടെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്.
12-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഷിറിയയിലെ കോട്ട നാലുഭാഗവും തകരാതെ കിടക്കുന്നുണ്ടെന്നതുതന്നെ അത്ഭുതമാണ്.
അഞ്ചു മീറ്ററോളം ഉയരത്തില്‍ ചുറ്റിലും കിടങ്ങുകളോടുകൂടി നിർമിച്ച കോട്ടയുടെ ഉള്‍ഭാഗത്ത് രണ്ട് കിണറുകളുണ്ട്. മണ്ണും കളിമണ്ണും കൊണ്ട് നിര്‍മിച്ച് പുറംഭാഗത്ത് ചെങ്കല്ലുകള്‍ പാകി ഉറപ്പുവരുത്തിയിട്ടുണ്ട്.
കോട്ട നിര്‍മിക്കാന്‍ ഉപയോഗിച്ച മണ്ണും കളിമണ്ണും ചേര്‍ന്ന മിശ്രിതത്തിന്റെ ഉറപ്പും ചുറ്റുപാടും ആഴ്ന്നിറങ്ങിയ വൃക്ഷങ്ങളുടെ വേരുകള്‍ നല്കിയ സംരക്ഷണവുമാണ് കോട്ടയെ നൂറ്റാണ്ടുകളോളം കേടുകൂടാതെ നിലനിര്‍ത്തിയതെന്നാണ് കരുതുന്നത്.
ഷിറിയ പുഴയുടെ തീരത്താണ് കോട്ട നിര്‍മിച്ചതെന്നതും നാലു മൂലകളിലും സമചതുരാകൃതിയില്‍ നിരീക്ഷണകേന്ദ്രങ്ങളുടെ രീതിയില്‍ കാണുന്ന ഭാഗങ്ങളും കോട്ടയുടെ യുദ്ധതന്ത്രപരമായ നിര്‍മാണത്തിന്റെ അടയാളപ്പെടുത്തലുകളാണ്.
ഇപ്പോള്‍ കര്‍ണാടകയിലെ പ്രധാന ചരിത്രസ്മാരകങ്ങളിലൊന്നും വിനോദസഞ്ചാരകേന്ദ്രവുമായ ഹലേബിഡ് ആസ്ഥാനമാക്കിയാണ് ഹൊയ്സാല രാജവംശം ഭരിച്ചിരുന്നത്.
ഇവരുടെ ചില ശത്രുക്കള്‍ക്ക് തുളുനാട്ടിലെ രാജാക്കന്മാര് അഭയം കൊടുത്തതിന്റെ പേരില്‍ ഇവര്‍ തുളുനാട് ആക്രമിച്ചു കീഴടക്കിയതായി ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹൊയ്സാല രാജാവായ വിഷ്ണുവര്‍ധനന്റെ ഭരണകാലത്ത് തുളുനാടിന്റെ പലഭാഗങ്ങളിലായി സാമന്ത രാജാക്കന്മാരെ നിയോഗിച്ചാണ് ഭരണനിര്‍വഹണം നടത്തിയിരുന്നത്.
ഈ രീതിയില്‍ ബങ്കര മഞ്ചേശ്വരം കേന്ദ്രമാക്കി നിയോഗിക്കപ്പെട്ട ബൈരാസു വൊഡയാര്‍ എന്ന ബല്ലാള്‍ രാജാവ് നിര്‍മിച്ച കോട്ടയാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
ജൈനമത വിശ്വാസികളായ ബല്ലാളന്മാര് ഉദ്യാവര്‍, ഹൊസബെട്ടു, തലകള, കടംബാറു, മീഞ്ച, മൂടംബൈല്‍ തുടങ്ങിയ ഗ്രാമങ്ങളുടെ അധിപരായിരുന്നു.
പുരാവസ്തു ഗവേഷകർക്ക് വിസ്മയം
കാസര്‍ഗോഡ് ജില്ലയുടെ സമഗ്ര ചരിത്രമെന്നനിലയില് ഡോ. സി. ബാലന് എഡിറ്റ് ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരിച്ച ‘കാസര്‍ഗോഡ്: ചരിത്രവും സമൂഹവും’ എന്ന പുസ്തകത്തില്‍ ബന്തിയോടിന് അല്പം അകലെ അടുക്കം എന്ന സ്ഥലത്ത് ബങ്കര മഞ്ചേശ്വരത്തെ രാജാവ് കെട്ടിയ കോട്ട ഉണ്ടായിരുന്നതായും അത് കാലക്രമത്തില്‍ നിശേഷം നശിച്ചുപോയതായും പരാമര്‍ശമുണ്ട്. അത് ഈ കോട്ടയെക്കുറിച്ചു തന്നെയാണെന്നാണ് അനുമാനം.
ഈ കോട്ട ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന അറിവ് പുരാവസ്തു ഗവേഷകര്‍ക്കുപോലും വിസ്മയമായി. ചരിത്രശേഷിപ്പുകള്‍ക്കും ഇത്രയുംകാലം കോട്ടയെ കാത്തുസൂക്ഷിച്ച പ്രകൃതിക്കും കോട്ടമൊന്നും തട്ടാതെ ഇവിടെയൊരു പൈതൃക വിനോദസഞ്ചാരകേന്ദ്രം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.