പൂച്ചാക്കൽ:കാർഗിൽ യുദ്ധവിജയത്തെ ഓർമപ്പെടുത്തി ഒരു ബസ് സ്റ്റോപ്പ്. ചേർത്തല അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം വടക്കുഭാഗത്തുള്ള ബസ് സ്റ്റോപ്പാണ് കാർഗിൽ യുദ്ധത്തിൽ ഇന്ത്യ കൈവരിച്ച വിജയത്തിന്റെ അനശ്വര സ്മാരകമായി നിലകൊള്ളുന്നത്. ഈ പേരിന് പിന്നിൽ പ്രവർത്തിച്ചവരാവട്ടെ പട്ടാളത്തിൽ നിന്നും വിരമിച്ച പള്ളിപ്പുറം പഞ്ചായത്തിലെ ഒരു കൂട്ടം ജവാന്മാരും.
അതിർത്തിയിലൂടെ അശാന്തി വിതറാനെത്തിയ ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിച്ച് പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരുടെ മേൽ ഇന്ത്യൻ സൈന്യം വിജയക്കൊടി നാട്ടിയത് 1999 ജൂലൈ 26നായിരുന്നു. കാർഗിൽ പോരാട്ടം അവസാനിച്ചപ്പോൾ നാട്ടിലെങ്ങും ധീര ജവാൻമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പള്ളിപ്പുറം പഞ്ചായത്തിൽ മാത്രം ഒരു പരിപാടിയും സംഘടിപ്പിക്കാത്തതിൽ വിഷമം തോന്നിയ പട്ടാളത്തിൽ നിന്നും വിരമിച്ച എൻ.രാജപ്പൻ പിള്ള, പി.കെ.ജോസഫ്, പരമേശ്വരൻ, സുകുമാരൻ, കാർത്തികേയൻ എന്നിവർ ചേർന്ന് അന്ന് ഷാപ്പുംപടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബസ് സ്റ്റോപ്പിന് സമീപത്തായി ധീര ജവാൻമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളനം സംഘടിപ്പിക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്ത അന്നത്തെ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇമ്മാനുവൽ കടവനെ കൊണ്ട് ഷാപ്പുംപടി എന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്തിന് കാർഗിൽ ജംഗ്ഷൻ എന്ന് പുനർനാമകരണം ചെയ്യിക്കുകയുമായിരുന്നു.
സർവീസിൽ നിന്നും വിരമിച്ചുവെങ്കിലും പട്ടാളവീര്യം ചോർന്നിട്ടില്ലാത്ത ഇവരുടെ അടുത്ത ലക്ഷ്യം ജംഗ്ഷനിൽ ജവാന്റെ പൂർണകായ പ്രതിമ സ്ഥാപിക്കണമെന്നതാണ്.