പത്തനാപുരം : വീണ്ടുമൊരു കാർഗിൽ ദിനം കൂടി കടന്നു വരുമ്പോള്‍ ഈ അമ്മയ്ക്ക് നൊമ്പരപ്പെടുത്തുന്ന ഓർമദിനം കൂടിയാണ്.കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച വീരചക്ര സജീവ് ഗോപാലപിള്ളയുടെ അമ്മ നെടുവന്നൂര്‍ പൊന്നെടുത്താംപാറ വീട്ടില്‍ കുട്ടിയമ്മയാണ് മകന്റെ ധീരസ്മരണയ്ക്ക് മുന്നില്‍ വികാരാധീനയാകുന്നത്. 1999 മേയ് 20ാം തീയതിയാണ് ജന്മനാടിനു വേണ്ടി ജീവൻവെടിഞ്ഞത്.
ഇന്ത്യൻ ആർമിയിലെ ആർട്ട്ലറി ഫോർഫീൽഡ് റജ്മെന്റിലെ ( പീരങ്കിപട) ഗണ്ണറായിരുന്നു സജീവ്.കാർഗിലിലെ ‘ ഗ്രസ്’ എന്ന സ്ഥലത്ത് ഷെല്ല് പൊട്ടിത്തെറിച്ചായിരുന്നു മരണം.ജന്മദിനത്തിൽ അമ്മയിൽ നിന്ന് ഫോണിലൂടെ ആശംസകളും ലഭിച്ചിട്ടാണ് സജീവ് യുദ്ധത്തിനായി പോകുന്നത്.എന്നാൽ പിറ്റേന്ന് പുലർച്ചെ സജീവിന്റെ മരണവാർത്തയാണ് ഗ്രാമത്തെ തേടിയെത്തിയത്.
അഞ്ച് വർഷത്തെ സർവ്വീസാണ് സജീവിനുണ്ടായിരുന്നത്.കാർഗിൽ യുദ്ധഭൂമിയിൽ രാജ്യത്തിനായി ജീവൻ ബലി നൽകുമ്പോൾ 25 വയസ്സായിരുന്നു.കുട്ടിയമ്മയുടെ നാല് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു സജീവ്.1998 സെപ്റ്റംബറിലാണ് ഇന്ത്യയുടെ അധീനതയിലുള്ള ടൈഗർ കുന്നുകളിലേക്ക് നുഴഞ്ഞുകയറ്റം ഉണ്ടാകുന്നത്.എന്നാൽ സൈന്യത്തിന് ഈ കടന്നുകയറ്റം കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് ആട് മേയ്ക്കാൻ പോയ സംഘമാണ് വിവരം ക്യാമ്പിൽ അറിയിക്കുന്നത്.
മേയ് മാസം ആരംഭിച്ച യുദ്ധം ജൂലൈ വരെ നീണ്ടു നിന്നു.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എറ്റവും കൂടുതൽ വെടിവയ്പ്പ് നടന്ന യുദ്ധമാണിത്.300 ഗണ്ണുകൾ 5000 റൗണ്ടുകളിലായി 2,50,000 തവണയാണ് നിറയൊഴിച്ചത്.യുദ്ധത്തിൽ 527 പേർ മരിക്കുകയും 1367 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഓരോ കാര്‍ഗ്ഗില്‍ ദിനവും കടന്നു വരുമ്പോള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ബലി നല്കിയ മകനെയോര്ത്തുളള അഭിമാനമാണ് എണ്‍പത്തിയാറുകാരിയായ കുട്ടിയ്മ്മയ്ക്ക് .