ചങ്ങനാശേരി: വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കഴുത്തിൽ വടിവാൾവച്ച് സ്വർണമാല പിടിച്ചുപറിച്ച കേസിൽ അറസ്റ്റിലായ പോൾവധക്കേസിലെ രണ്ടാംപ്രതി നാലുകോടി സ്വദേശി കാരി സതീശ്(37) റിമാൻഡിൽ.
അക്രമം നടത്തിയപ്പോൾ സതീശിന്റെ ഒപ്പമുണ്ടായിരുന്ന സുജിത്, ശ്യാം, ജാക്സണ് എന്നിവർക്കെതിരേ തൃക്കൊടിത്താനം പോലീസ് അന്വേഷണം ഉൗർജിതമാക്കി.
നാലുകോടി വേഷ്ണാൽ ഭാഗത്ത് ആനിക്കുടി ജോയിച്ചന്റെ വീട്ടിൽ അതിക്രമിച്ചുകയറി മകൻ പീറ്ററിന്റെ കഴുത്തിൽ വടിവാൾ വച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് സംഘം മാല പിടിച്ചുപറിച്ചത്.
തൃക്കൊടിത്താനം എസ് എച്ച്ഒ ഇ. അജീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസന്വേഷണം നടത്തുന്നത്. നിരവധിക്കേസുകളിലെ പ്രതിയായ സതീശ് പരോളിൽ ഇറങ്ങി വീടുകൾ കേന്ദ്രീകരിച്ച് അതിക്രമം നടത്തി വരുന്നതിനിടയിലാണു പിടിയിലായത്.
നാലുകോടി വേഷ്ണാൽ ഭാഗത്തുള്ള സനീഷ് എന്ന ആളുടെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ആനിക്കുടി ജോയിച്ചന്റെ വീട്ടിലെ മോഷണം വെളിച്ചത്തായത്.
ജോയിച്ചന്റെ മകൻ പീറ്ററിന്റെ മാല മോഷ്ടിച്ചതിനു പിന്നാലെ പീറ്ററിനെ ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടിയെടുത്തതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.