തൃശൂർ: പുഴയിൽ മീൻ പിടിക്കുന്പോൾ ആദ്യം ലഭിച്ച കരിമീൻ വായിൽ കടിച്ചുപിടിച്ച് അടുത്ത മീനിനായി തപ്പുന്നതിനിടയിൽ തൊണ്ടയിൽ മീൻ കുടുങ്ങി.
ചാവക്കാട് എടക്കഴിയൂർ കടലാപറന്പിൽ കൃഷ്ണന്റെ(60) തൊണ്ടയിലാണ് കുടുങ്ങിയത്. മീനിന്റെ വാൽഭാഗം മാത്രമേ പുറത്തേക്ക് അല്പമെങ്കിലും കണ്ടിരുന്നുള്ളൂ.
ഉൗമയായ കൃഷ്ണൻ ആംഗ്യഭാഷയിൽ പറഞ്ഞതൊന്നും സഹായത്തിനെത്തിയവർക്കും മനസിലായില്ല. മരണവെപ്രാളം കാട്ടിയ കൃഷ്ണനെ വാഹനം ലഭിക്കാത്തതിനെതുടർന്ന് ഒരു മോട്ടോർ സൈക്കിളിൽ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു.
അപകടം മനസിലാക്കിയ അവർ അമല ആശുപത്രിയിലേക്കു റഫർ ചെയ്യുകയായിരുന്നു. ഇഎൻടി വിഭാഗം ഡോക്ടർമാരായ ഡോ.അർജുൻ ജി.മേനോൻ, ഡോ.ലിന്റ ജേക്കബ്, ഡോ.അനൂപ് കുരുവിള, സിസ്റ്റർ റീമ റാഫി എന്നിവരുടെ നേതൃത്വത്തിൽ മീനെ പുറത്തെടുത്തു.
സാധാരണ ശ്വാസനാളം അടഞ്ഞാൽ ആറുമിനിറ്റിനുള്ളിൽ മസ്തിഷ്കമരണം സംഭവിക്കും. മീൻ ശ്വാസനാളത്തിൽ അനങ്ങിക്കൊണ്ടിരുന്നതിനാൽ ഇടയ്ക്ക് അൽപം വായു ലഭിച്ചതിനാലാണ് കൃഷണനു മരണം സംഭവിക്കാതെ ജീവൻ തിരിച്ചുകിട്ടിയത്.
നിറച്ചു മുള്ളുള്ള കരിമീനായതിനാൽ പുറത്തെടുക്കാൻ നന്നേ ബുദ്ധിമുട്ടിയെന്ന് ഡോ.അർജുൻ പറഞ്ഞു.