കൊടകര: മലവെള്ളപ്പാച്ചിലിൽ നഷ്ടങ്ങളുടെ വേദനയിലാണ് കാരിക്കടവ് ആദിവാസി കോളനിയിലെ കുടുംബങ്ങൾ. മറ്റത്തൂർ പഞ്ചായത്തിലെ കാരിക്കടവ് വനത്തിനുള്ളിൽ മുപ്ലി പുഴയോരത്തുള്ള മലയൻ കോളനിയിൽ ചൊവ്വാഴ്ച അർധ രാത്രിയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
വനത്തിനുള്ളിൽ ഉണ്ടായ ഉരുൾപൊട്ടലാണ് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനിടയാക്കിയത്. പുഴയോരത്തുള്ള മലയൻ വീട്ടിൽ രതീഷിന്റെ വീട് ഭാഗികമായി പുഴ കവർന്നു. സമീപത്തുള്ള വിനോദിന്റെ വീടിനും നാശമുണ്ടായി. വീടുകൾക്കു ചുറ്റും എട്ടടിയോളം ഉയരത്തിലാണു വെള്ളം പൊങ്ങിയത്.
കോളനിയുടെ പ്രവേശന കവാടത്തിലുള്ള ജലസംഭരണിയുടെ മുകളിലും കീഴിലുമായി രാത്രി മുഴുവൻ അഭയം തേടിയ ആദിവാസി കുടുംബങ്ങളെ പിറ്റേന്നു രാവിലെ പഞ്ചായത്തംഗം ജോയ് കാവുങ്ങലും വെള്ളിക്കുളങ്ങര വില്ലജ് ഒാഫീസർ പി.ഡി. ഷാജുവിന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ആനപ്പാന്തം ആദിവാസി കോളനിയിലെ കമ്മ്യൂണിറ്റി ഹാളിൽ തുറന്ന ദുരിതാശ്വാസ ക്യാന്പിലേക്കാണ് ഇവരെ മാറ്റി പാർപ്പിച്ചിരിക്കുന്നത്.