സ്വന്തം ലേഖകൻ
തൃശൂർ: കേരനാട്ടിൽ കരിക്കിനു സുവർണകാലം വരുന്നു. സംസ്ഥാനമൊട്ടാകെ കോള, പെപ്സി തുടങ്ങിയ ശീതളപാനീയങ്ങളുടെ വില്പന വ്യാപാരികൾ നിർത്തലാക്കുന്നതോടെ കല്പവൃക്ഷത്തിന്റെ നാട്ടിൽ ഇളനീർ കൂടുതൽ പ്രിയപ്പെട്ട ആരോഗ്യ പാനീയമാകും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തു കോള, പെപ്സി തുടങ്ങിയ പാനീയങ്ങൾ വില്ക്കില്ലെന്നാണ് വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദിൻ കഴിഞ്ഞ ദിവസം അറിയിച്ചത്.
തമിഴ്നാട് സർക്കാർ കോള, പെപ്സി തുടങ്ങിയവയുടെ വിപണനം നിരോധിച്ചിരുന്നു. ഇതിനു ജനങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ ചുവടുപിടിച്ചാണ് കേരളത്തിലെ വ്യാപാരികൾ “നാടൻ വിപ്ലവത്തിനു’ കളമൊരുക്കുന്നത്. പ്രകൃതിദത്തമായ ആരോഗ്യ പാനീയമെന്ന നിലയിൽ ഏതാനും വർഷമായി കരിക്കിന് ആവശ്യക്കാർ ഏറെയാണ്. വില താരതമ്യം ചെയ്താലും ഇളനീരാണു മെച്ചം. കോള അര ലിറ്ററിനു 35 രൂപയാണു വിലയെങ്കിൽ ഇളനീരിനു മുപ്പതു രൂപയേയുള്ളൂ.
ഇളനീർ കുടിച്ച്, അകത്തെ രുചിയേറിയ കാന്പും കഴിക്കാം. പെപ്സി, കോള തുടങ്ങിയവയുടെ ആരാധകരായിരുന്ന ഇളംതലമുറക്കാരും ഇളനീരിന്റെ മധുരത്തിലേക്കു വഴിമാറിയിട്ടുണ്ട്. കോളയും പെപ്സിയും വിപണിയിൽനിന്ന് അപ്രത്യക്ഷമായാൽ ഇളനീരിന് ആവശ്യക്കാർ ഏറും.”കേരനിരകൾ വാഴുന്ന’ കേരളത്തിൽനിന്നല്ല, തമിഴ്നാട്ടിൽനിന്നാണ് കരിക്ക് കേരളത്തിലെ വിപണിയിൽ എത്തുന്നത്. ദാഹം അകറ്റാനും തമിഴ്നാടിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് സംസ്ഥാനം.
പെപ്സി, കോള തുടങ്ങിയ ശീതളപാനീയങ്ങളിൽനിന്നും ജനം കരിക്കിന്റെ നാടൻ രുചിയിലേക്കും ശീലത്തിലേക്കും ചുവടുമാറ്റുന്പോൾ കേരളത്തിലെ കേരകർഷകരേക്കാൾ ഗുണം തമിഴ്നാട്ടിലെ കർഷകർക്കാണ്. പ്രകൃതിയിലേക്കു മടങ്ങുന്പോൾ ആരോഗ്യമുള്ള തലമുറ ഉണ്ടാകുമെന്നതാണു ബോണസ്. എന്തായാലും വഴിയോര കരിക്കുകച്ചവടക്കാർ ആഹ്ലാദത്തിലാണ്. കരിക്കു കച്ചവടം തകർക്കും.
കരിക്കിന്റെ ഗുണങ്ങൾ:
പ്രകൃതിദത്തം. രാസമുക്തം.
ആരോഗ്യപാനീയം.
ശരീരത്തിലെ ജലാംശത്തെ നിലനിർത്തുന്നു.
വൈറ്റമിൻ സി, മഗ്നീഷ്യം, കാൽസ്യം, ഷുഗർ,
പ്രോട്ടീൻ എന്നിവ ശരീരത്തിനു നൽകുന്നു.
ക്ഷീണം അകറ്റുന്നു.
കനത്ത ചൂടിൽ ശരീരത്തെ തണുപ്പിക്കുന്നു.
ത്വക്ക് രോഗങ്ങളെ അകറ്റുന്നു.
രക്തസമ്മർദം കുറയ്ക്കുന്നു.
രക്തത്തിന്റെ അളവ് വർധിപ്പിക്കുന്നു.
കോളയുടെ ദോഷങ്ങൾ:
ഡയബറ്റിക്സ്, ഹൃദ്രോഗം തുടങ്ങിയ
രോഗങ്ങൾക്ക് ഇടയാക്കും.
പൊണ്ണത്തടിയുണ്ടാക്കും.
വൃക്ക, കരൾ രോഗങ്ങൾക്കു കാരണമാകാം.
എല്ലുകളുടെ ബലം ക്ഷയിപ്പിക്കും.
പല്ലുകളുടെ ഇനാമലിനെ നശിപ്പിക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.
ജനനസമയത്ത് മാരക രോഗങ്ങൾക്കു കാരണം
കാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്കു
വഴിയൊരുക്കും.