വടക്കഞ്ചേരി: മലയോരമേഖലയിലും വനാതിർത്തികളിലും മലയണ്ണാന്മാരും വാനരപടയും കേരകർഷകരുടെ അന്നംമുട്ടിക്കുന്നതായി പരാതി. കരിക്ക് പ്രായമെത്തുംമുന്പേ നാളികേരമെല്ലാം ഇവ തിന്നുതീർക്കുകയാണ്. ഉറപ്പേറിയ ചിരട്ടകൾവരെ ഇവ കരണ്ടു കാന്പ് അകത്താക്കും. ഇതുമൂലം തെങ്ങിൻമണ്ടയിൽനിന്നും നിറയെ ഓട്ടകളുള്ള നാളികേരമാണ് പിന്നീട് കിട്ടുക. ഉണങ്ങിയ ഈ നാളികേരത്തിൽനിന്നും കത്തിക്കാൻ ചകിരിമാത്രമാണ് ലഭിക്കുക.
വേനൽചൂട് കടുത്താൽ കരിക്കിൻവെള്ളം കുടിക്കാൻ കുരങ്ങുപടയുടെ പ്രവാഹമാകും. നൂറുവീതമുള്ള കൂട്ടങ്ങൾ എത്താറുണ്ടെന്ന് മലയോരവാസികൾ പറയുന്നു. ചക്ക, മാങ്ങ, പേരയ്ക്ക, വാഴക്കായ തുടങ്ങി സർവതും ഇവ തിന്നുതീർക്കും.തോട്ടങ്ങളുടെ ഭാഗത്ത് മാൻ, കാട്ടുപന്നി, മുള്ളൻപന്നി, കേഴ, മുയൽ തുടങ്ങിയവയുടെ ശല്യവും ശക്തമാണ്.
കിഴങ്ങുവർഗമൊന്നും കൃഷിചെയ്യാനാകില്ല. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തോടു ചേർന്ന കുതിരാനിലെ പെരുംതുന്പ പ്രദേശത്ത് കാട്ടാനശല്യവും രൂക്ഷമാണ്. ദിവസവും രാത്രികാലത്ത് രണ്ടും മൂന്നും തവണയാണ് ആനക്കൂട്ടമെത്തി വാഴ നശിപ്പിക്കുന്നത്. ചക്ക പഴുക്കുന്ന സീസണായതിനാൽ ചക്കപ്പഴത്തിന്റെ മണംപിടിച്ച് ആനകൾ വീടുകൾക്കു ചുറ്റുമെത്തുന്നുണ്ട്.