പാലക്കാട്: വേനൽ കനത്തതോടെ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി തണ്ണിമത്തൻ, കരിക്ക്, പനംനൊങ്ക് വിലപ്ന സജീവമായി. തണ്ണിമത്തൻ കിലോയ്ക്ക് ഇരുപതു രൂപയാണ് വില. കരിക്കിന് മുപ്പതും പനംനൊങ്ക് പത്തെണ്ണത്തിന് എഴുപതു രൂപയുമാണ് വില.ശീതപാനീയങ്ങളുടെ വില്പനയിൽ കുറവാണ് ഉണ്ടാകുന്നതെന്ന് കടക്കാർ പറഞ്ഞു. ചെന്നൈ ദിണ്ഡിവനത്തുനിന്നാണ് പാലക്കാട്ടേയ്ക്ക് തണ്ണിമത്തൻ എത്തുന്നത്.
കൊഴിഞ്ഞാന്പാറ സ്വദേശിയായ താജുദീനും പാലക്കാട് സ്വദേശി മോഹൻദാസുമാണ് പാലക്കാട്ടെ മൊത്തവ്യാപാരികൾ.ഇരുപത്തിയഞ്ചും മുപ്പതും ഏക്കർവീതമുള്ള തണ്ണിമത്തൻ തോട്ടങ്ങളിൽനിന്നും കിലോയ്ക്ക് പത്തുരൂപ നിരക്കിലാണ് ഇവർ തണ്ണിമത്തൻ വാങ്ങുന്നത്. ഒരു ലോറിയിൽ പത്തുടണ് വരെ കയറ്റാം. കോട്ടമൈതാനത്ത് എത്തിക്കുന്നതിനു ഇരുപത്തയ്യായിരം രൂപ ലോറി വാടകയും കയറ്റിറക്ക് കൂലി വേറെയും നല്കണം.
ആഴ്ചയിൽ അഞ്ചുലോറി തണ്ണിമത്തൻ പാലക്കാട് എത്തുന്നുണ്ടെന്നും കലർപ്പില്ലാത്ത ശീതളപാനീയമാണ് തണ്ണിമത്തനെന്നും ഇഞ്ചക്്ഷൻ ചെയ്ത് മായംചേർക്കുന്നുവെന്ന വാട്സപ്പ് പ്രചാരണം വ്യാജമാണെന്നും ശരീരത്തിലെ ജലാശം നിലനിർത്തുന്നതിനും ശീതികരണത്തിനും തണ്ണിമത്തൻ നല്ലതാണെന്നും മൊത്തവ്യാപാരിയായ താജുദീൻ പറഞ്ഞു.ചെറിയ കടകളിലേക്ക് നൂറുകിലോവരെ തണ്ണിമത്തൻ കൊണ്ടുപോകുന്നവരും ഏറെയാണ്.
പത്തിരിപ്പാല, ചിറ്റൂർ, കഞ്ചിക്കോട്, കുഴൽമന്ദം, മലന്പുഴ എന്നിവിടങ്ങളിലേക്ക് ഇവിടെനിന്നാണ് തണ്ണിമത്തൻ കൊണ്ടുപോകുന്നത്.തണ്ണിമത്തൻപോലെ കരിക്കിനും നല്ല ഡിമാന്റാണുള്ളത്. കൊഴിഞ്ഞാന്പാറ, വേലന്താവളം എന്നിവിടങ്ങളിൽനിന്നും എത്തുന്ന കരിക്കിന് ഹോൾസെയിൽ വില 21 രൂപയാണെങ്കിലും ഉപഭോക്താവിന് മുപ്പതുരൂപയ്ക്കാണ് വില്ക്കുന്നത്.
ദിനംപ്രതി ഇരുന്നൂറു കരിക്കു വരെ വില്ക്കാറുണ്ടെന്നു മൈതാനത്തെ കരിക്കു വ്യാപാരി കണ്ണൻ പറഞ്ഞു. മൈതാനത്തും പരിസരത്തുമായി പതിനഞ്ചിലേറെ കരിക്ക്, തണ്ണിമത്തൻ കച്ചവടക്കാരുണ്ട്.ഇതിനു പുറമേ പനംനൊങ്ക് വില്പനയും സജീവമാണ്. കൊഴിഞ്ഞാന്പാറ, വേലന്താവളം എന്നിവിടങ്ങളിൽനിന്നാണ് പനംനൊങ്ക് എത്തിക്കുന്നത്. കരിന്പനയുടെ നാടെന്ന് പറയുന്ന പാലക്കാട് കരിന്പനകൾ കുറവായതോടെയാണ് വേലന്താവളത്തുനിന്നും ഇത് എത്തിക്കുന്നത്.
ഒരു കുല പനംനൊങ്കിൽ പത്തോ പതിനഞ്ചോ കായ്കൾ ഉണ്ടാകും. ഒരു കായയിൽ രണ്ടോ മൂന്നോ നൊങ്കുണ്ടാകും. ഒരു കുലയ്ക്ക് നൂറൂരൂപ വിലയും വാഹനവാടകയും ചേർത്ത് 120 രൂപ നല്കിയാണ് പനംനൊങ്ക് വാങ്ങിക്കുന്നത്. ഒരുദിവസം അന്പതുകുലയുടെ വരെ കച്ചവടം നടക്കാറുണ്ടെന്ന് കച്ചവടക്കാർ പറഞ്ഞു.ശരീരത്തിനു പോഷകാഹാരവും തണ്ണുപ്പും ജലാംശം നിലനിർത്തുന്നതിനും കഴിവുള്ള പനംനൊങ്കിന് ആവശ്യക്കാർ ഏറെയാണെന്നു കച്ചവടക്കാർ പറഞ്ഞു.