മുളന്തുരുത്തി: സ്കൂൾ വളപ്പിൽ സ്വിമ്മിംഗ് പൂൾ നിർമാണവും മതിൽ നിർമാണവും വിവാദമാകുന്നു. കാരിക്കോട് ഗവ. യുപി സ്കൂളിൽ മുളന്തുരുത്തി പഞ്ചായത്ത് നിർമിക്കുന്ന സ്വിമ്മിംഗ് പൂളിൽ ക്രമക്കേടും അഴിമതിയുമെന്നാണ് പരാതി.
കുട്ടികളുടെ പാർക്കും കളിസ്ഥലവും നഷ്ടപ്പെടുത്തിയാണ് നിർമാണമെന്നാണ് ആരോപണം. കൂടാതെ നിലവിലുള്ള മതിൽ പൊളിച്ചു പുതിയ മതിൽ പണിയുന്നത് വെട്ടിമാറ്റിയ തണൽമരത്തിന്റെ കുറ്റിയോ വേരോ മാറ്റാതെ ആവശ്യത്തിന് അടിത്തറയില്ലാതെയുമാണെന്ന് ആരോപിച്ച് സിപിഎം പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരിക്കോട് സ്കൂൾ കവലയിൽ പ്രതിഷേധ ധർണ നടത്തി.
സിപിഎം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സി.കെ. റെജി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.എൻ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സിപിഎം ആരക്കുന്നം ലോക്കൽ സെക്രട്ടറി എം.ആർ. മുരളീധരൻ ഗ്രാമപഞ്ചായത്ത് മെമ്പർ വി.കെ. വേണു, വാർഡ് സെക്രട്ടറി പോൾ താവൂരത്ത് ബൂത്ത് സെക്രട്ടറി ടി.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.
എന്നാൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തിനു കീഴിലുള്ള, നിർമാണ പ്രവർത്തനങ്ങൾക്ക് സൗകര്യമുള്ള സ്കൂൾ കാരിക്കോട് ഗവ. യു പി സ്കൂൾ മാത്രമാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രകാരം സാധാരണക്കാരായ കുട്ടികൾക്കും മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ഇപ്പോൾ ഉള്ളതിനേക്കാൾ മികച്ച കളിസ്ഥലവും സജ്ജമാക്കാനാവുമെന്നും പഞ്ചായത്ത് പറയുന്നു.