മാഡ്രിഡ്: സൗദി പ്രോ ലീഗിലേക്കു ചുവടുമാറ്റാനുള്ള സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമയുടെ തീരുമാനത്തിൽ റയൽ മാഡ്രിഡിനു ഞെട്ടൽ. ഈ സീസണിൽ ഒരു സ്ട്രൈക്കറെ ടീമിൽ കൊണ്ടുവരേണ്ടതില്ലെന്ന ക്ലബ്ബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസിന്റെ തീരുമാനത്തിനേറ്റ കനത്ത തിരിച്ചടിയാണു ബെൻസേമയുടെ ചുവടുമാറ്റം.
അൽ ഇത്തിഹാദിൽനിന്നുള്ള വൻ ഓഫറാണു ബെൻസേമയുടെ മനസിളക്കിയത്. ഇതോടെ റയലിന്റെ അടുത്ത സീസണിലേക്കുള്ള ട്രാൻസ്ഫർ പദ്ധതികളിൽ വലിയ രീതിയില്മാറ്റംവരുത്തേണ്ടിവരുമെന്നാണു സൂചന.
ഇതിന്റെ തുടർച്ചയായി, ടോട്ടൻഹാം താരം ഹാരി കെയ്നെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമങ്ങൾ ഉൗർജിതമാക്കി. ടോട്ടൻഹാമിൽ കെയ്ന് ഒരുവർഷം കൂടി കരാറുണ്ടെങ്കിലും താരത്തിനു റയലിനോടു താത്പര്യമുണ്ട്. ടോട്ടൻഹാമിന് ഇക്കുറി ചാന്പ്യൻസ് ലീഗ് യോഗ്യത നേടാനാകാതെ പോയതും കെയ്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. 100 ദശലക്ഷം പൗണ്ടാണു കെയ്ന് ടോട്ടൻഹാം ഇട്ടിരിക്കുന്ന വില.
നാപ്പോളി സ്ട്രൈക്കർ വിക്ടർ ഒസിമൻ, ഇന്റർ മിലാന്റെ ലൗട്ടാരോ മാർട്ടിനസ്, ചെൽസിയുടെ കയ് ഹാവേർട്സ്, യുവന്റസിന്റെ ഡുസൻ വ്ളാഹോവിച്ച് എന്നിവരാണു റയലിന്റെ റഡാറിലുള്ള മറ്റു സ്ട്രൈക്കർമാർ. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമിനായും റയൽ വലവിരിച്ചിട്ടുണ്ട്.
ബെൻസേമയ്ക്കു പുറമേ എയ്ഡൻ ഹസാഡ്, മാർകോ അസൻസിയോ എന്നിവരും ക്ലബ്ബ് വിടുകയാണ്. അതുകൊണ്ടുതന്നെ മികച്ച സ്ട്രൈക്കർമാരില്ലാതെ ക്ലബ്ബിനു മുന്നോട്ടുപോകാനാകില്ല. പ്രത്യേകിച്ച്, ഈ സീസണിൽ ടീമിനു പ്രധാനപ്പെട്ട കിരീടങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ.
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്കായും റയൽ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം റയൽ എംബാപ്പെയുമായി കരാറിലേർപ്പെടുന്നതിന്റെ വക്കിലെത്തിയിരുന്നെങ്കിലും, താരം അവസാന നിമിഷം പിന്മാറി. പുതിയ സാഹചര്യത്തിൽ ക്ലബ്ബിനു നാണക്കേടുണ്ടാക്കിയ പഴയ കാര്യങ്ങൾ മറന്ന്, എംബാപ്പെയെ സാന്റിയാഗോ ബെർണാബ്യുവിൽ എത്തിക്കാനാണു പെരസിന്റെ ശ്രമം.