ആലപ്പുഴ: സിഐടിയു കരിമണൽ കടത്തിന് ഒത്താശ ചെയ്യുകയാണെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി വി. മോഹൻദാസ് ആരോപിച്ചു. കുട്ടനാട്ടുകാരെയും തീരവാസികളെയും ഒരേ സമയം കബളിപ്പിച്ച് കോടികൾ മതിപ്പുള്ള കരിമണൽ കടത്തിനു സിഐടിയു കൂട്ടുനിൽക്കുകയാണ്.
അതിനു പുകമറ സൃഷ്ടിക്കാനാണ് മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്പോൾ തിലോത്തമൻ മൗനം പാലിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ആലപ്പുഴയിലെ മറ്റു രണ്ടു മന്ത്രിമാരും മണൽകടത്ത് നടത്തട്ടെ എന്ന അഭിപ്രായക്കാരാണോയെന്നും കാറ്റാടി വനം വെട്ടിവെളുപ്പിച്ച് മണൽ ഡ്രഡ്ജ് ചെയ്യുന്നതും പതിനായിരക്കണക്ക് ലോഡ് രാവും പകലും കടത്തുന്നതിനും ഇവർ അനുകൂലിക്കുന്നുണ്ടോയെന്നും സിഐടിയു മറുപടി പറയണം.
കാറ്റാടി മരം വെട്ടാൻ വനംവകുപ്പിനേയും ലീഡിംഗ് ചാനലിലെ ധാതുമണലടങ്ങിയ ചെളി നീക്കം കെഎംഎംഎല്ലിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. കളക്ടറുടെ ചുമതല മണൽച്ചിറ വീതികൂട്ടി മുറിക്കാനും നീരൊഴുക്ക് സുഗമമാക്കാനുമായിരുന്നു.
ഇപ്പോഴും മണൽ കടത്തല്ലാതെ ഒരു തുള്ളി വെള്ളം കടലിലേക്ക് ഒഴുക്കാൻ മണലൂറ്റുകാർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഡിംഗ് ചാനലിന് ആഴവും വീതിയും കുട്ടിയാൽ മണൽചിറ മുറിക്കാൻ അര മണിക്കൂർ മതിയാകും.
അപ്പോൾ ആവശ്യമായ വീതി തനിയേ വന്നുകൊള്ളും. കാറ്റാടി മരം തടസം വരുത്തുമെങ്കിൽ അതും മുറിക്കണം. ഇതാണ് വസ്തുതകൾ എന്നിരിക്കെ സിപിഐയേയും മന്ത്രി പി. തിലോത്തമനേയും കുറ്റപ്പെടുത്തുന്നവർ മലർന്ന് കിടന്ന് തുപ്പുകയാണെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.