അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം പുരോഗമിക്കുന്നതിനിടെ സമര നാടകങ്ങളുമായി രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്ത്.
പൊഴിമുറിക്കലിന്റെ മറവിൽ ഒരാഴ്ച മുൻപാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം ആരംഭിച്ചത്.കഴിഞ്ഞ വർഷത്തേതുപോലെ തന്നെ ഇത്തവണയും ഖനന ചുമതല പൊതു മേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിനാണ് നൽകിയിരിക്കുന്നത്.
ദിവസേന sൺ കണക്കിന് കരിമണലാണ് ഇവിടെ നിന്ന് കടത്തുന്നത്. കഴിഞ്ഞ വർഷം ഇതേ രീതിയിൽ കെ.എം.എം.എല്ലിന് ഖനനച്ചുമതലയും മണൽക്കടത്തും നൽകിയതിനെതിരെ സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും ധീവരസഭയും മാസങ്ങളോളം പ്രത്യക്ഷ സമരം നടത്തിയിരുന്നു.
എങ്കിലും ശക്തമായ പ്രതിഷേധം അവഗണിച്ച് കനത്ത പോലീസ് കാവലിൽ മാസങ്ങളോളമാണ് കെ.എം.എം.എൽ മണൽ കടത്തിയത്.മണൽ കടത്തിന് എല്ലാ ഒത്താശയും നൽകണമെന്ന് സർക്കാരിന്റെ പ്രത്യേക നിർദേശവുമുണ്ടായിരുന്നു.
കരിമണൽ ഖനനത്തിനും കടത്തിനുമെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് മാസങ്ങളോളം സമരം നടത്തിയെങ്കിലും ഇതിൽ പങ്കെടുത്തവർക്ക് കേസ് വന്നതല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ല.
സമര നാടകത്തിന്റെ പേരിൽ വൻ തുകകളാണ് രാഷ്ട്രീയപ്പാർട്ടി, സാമുദായിക നേതാക്കൾ കെ.എം.എം.എല്ലിൽ നിന്ന് കൈപ്പറ്റിയത്. അതു കൊണ്ടു തന്നെ സമരം ഫലം കാണാതെ അവസാനിപ്പിക്കേണ്ടിയും വന്നു.
ഇത്തവണ വീണ്ടും കരിമണൽ ഖനനം പുരോഗമിക്കുന്നതിനിടെ കോൺഗ്രസും ധീവരസഭയും സമരവുമായി എത്തി.ഇന്നലെ രാവിലെ കരിമണൽ ലോറി തടഞ്ഞു കൊണ്ട് ധീവര സഭ സമരം നടത്തി.
ധീവര സഭ കാർത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ലോറികൾ തടഞ്ഞത്. ഇവരെ പിന്നീട് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
വൈകിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊഴി മുഖത്തു നടന്ന സമരം അഡ്വ. എം.ലിജുവും ഉദ്ഘാടനം ചെയ്തു.ഇതിന് പിന്തുണയർപ്പിച്ച് പ്രവർത്തകർ വീടുകളിൽ പ്ലക്കാർഡുകളുമേന്തി പങ്കെടുത്തു.
കോവിഡ് കണക്കിലെടുത്താണ് ഇത്തവണ രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും പ്രത്യക്ഷ സമരത്തിൽ നിന്നൊഴിവായത്. എങ്കിലും പൊഴി മുറിക്കലിന്റെ മറവിൽ സർക്കാർ അനുമതിയോടെ ഖനനവും മണൽ കടത്തും തുടരാൻ തന്നെയാണ് കെ.എം.എം.എല്ലിന്റെ തീരുമാനം. ഈ മണലെടുപ്പ് മൂലം ഇത്തവണ തീരദേശത്ത് കനത്ത നാശനഷ്ടമുണ്ടാകുമെന്നും ആശങ്കയുയർന്നിട്ടുണ്ട്.