കരുനാഗപ്പള്ളി: നാമമാത്രമായി കരിമണല്‍ സാന്നിദ്ധ്യമുള്ള പ്രകൃതി രമണീയവും ജനനിബിഡവുമായ അയണിവേലിക്കുളങ്ങര വില്ലേജിനെ ഖനനമേഖലയാക്കാനുള്ള ഐആര്‍ഇയുടെ നിലപാടിനെതിരെ അയണിവേലിക്കുളങ്ങര ജനകീയ സമരസമിതി വമ്പിച്ച പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
ഉടമകള്‍ അറിയാതെയുളള ഭൂമി രജിസ്ട്രേഷന് റദ്ദാക്കണമെന്നും അയണിവേലിക്കുളങ്ങര വില്ലേജില്‍ ഖനനം നടത്തുവാന്‍ ഐആര്‍ഇയ്ക്ക് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. വില്ലേജിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ മാസത്തില്‍ കരുനാഗപ്പള്ളി ടൗണില്‍ പ്രതിഷേധറാലിയും സമ്മേളനവും നടത്തുവാന്‍ യോഗം തീരുമാനിച്ചു.
കുറുക്കുവഴികളിലൂടെ അയണിവേലിക്കുളങ്ങര വില്ലേജിലെ ഭൂമി കൈയ്യടക്കാനുള്ള ശ്രമത്തില്‍ നിന്നും ഐ.ആര്.ഇയും ബന്ധപ്പെട്ടവരും പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനകീയ സമരസമിതി ചെയര്മാന് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ ജഗത്ജീവന്‍ലാലി, കൗണ്‍സിലര്‍മാരായ ജി.സാബു, പനക്കുളങ്ങര സുരേഷ്, മുനമ്പത്ത് ഗഫൂര്‍, വസുമതി രാധാകൃഷ്ണന്, റ്റി.വി.സനല്‍, വൈ.പൊടിക്കുഞ്ഞ്, രമണന്, മോഹന്‍ലാല്‍, തേവറ നൗഷാദ്, കെ.ജി.ശിവാനന്ദന്, മുനീര്ഖാദിയാര്, നാസര്‍ കോട്ടൂര്‍, സജിബാബു, വര്‍ഗീസ് ചാത്തമ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.