അമ്പലപ്പുഴ: എല്ലാ കോവിഡ് നിയമങ്ങളും കാറ്റിൽപ്പറത്തി വലിയഴീക്കൽ -തോട്ടപ്പള്ളി പ്രദേശങ്ങളിൽ നിന്നും വ്യാപകമായ അളവിൽ മണൽ കടത്തുന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനങ്ങൾ പ്രക്ഷോഭത്തിനിറങ്ങുന്നു.
തീരം സംരക്ഷണ സമിതി, സേവ് പുറക്കാട്, കരിമണൽ ഖനന വിരുദ്ധ ജനകീയ പ്രതിരോധ സമിതി എന്നീ സമിതികളാണ് കൂട്ടായി പ്രക്ഷോഭത്തിലേക്കു പോകുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ആറാട്ടുപുഴ മുതൽ നീർക്കുന്നം വരെ 1800 ഓളം വീടുകളിൽ കുടുംബാംഗങ്ങൾ പ്ലക്കാർഡുമായി നിന്നു പ്രതിഷേധിച്ചു.
ചില വീടുകളിൽ പ്രതിഷേധ സൂചകമായി ഉപവാസവും നടത്തി. പ്രതിഷേധ ഫോട്ടോയും പരാതിയും വീട്ടുകാർ പിന്നീട് മുഖ്യമന്ത്രിക്ക് അയച്ചു.
പുറക്കാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകൾ എന്നന്നേക്കുമായി ഇല്ലാതാകുന്ന തരത്തിൽ തീരപ്രദേശത്ത് കെഎംഎംഎൽ, ഐആർഇ കമ്പനികൾ അനിയന്ത്രിതമായി ഖനനം നടത്തുകയാണ്.
കടലേറ്റം മൂലം വീട് നഷ്ടപ്പെട്ടവരെപ്പോലും പുനരധിവസിപ്പിക്കാൻ കഴിയാതെ നാട്ടുകാരെ മുഴുവൻ തീരത്തുനിന്ന് പലായനം ചെയ്യിക്കാൻ പ്രേരിപ്പിക്കുന്ന ഈ കമ്പനികൾക്ക് എല്ലാ ഒത്താശയുമായി സർക്കാർ നിൽക്കുന്നത് ഏറെ സങ്കടകരമാണെന്ന് തീരം സംരക്ഷണ സമിതി പ്രസിഡന്റ് എസ്. സുരേഷ് കുമാർ ചൂണ്ടിക്കാട്ടി.
ഈ കോവിഡ് കാലത്ത് ജനങ്ങളെ സമരമാർഗത്തിലേക്ക് തള്ളിവിടരുതെന്ന് അദ്ദേഹം പറഞ്ഞു .
സമരത്തിന് വി.സി മധു, ഷിബു പ്രകാശ്, വിപിൻ വിശ്വംഭരൻ, തങ്കച്ചൻ പുന്തല, സുധിലാൽ തൃക്കുന്നപ്പുഴ ,അജിത പെരുമ്പള്ളി എന്നിവർ നേതൃത്വം നൽകി. സമരം നടത്തിയ വീടുകൾ മുൻ എംപി കെ.എസ്. മനോജ് സന്ദർശിച്ചു.