കൊല്ലം: കരിമണൽ ഖനനവിരുദ്ധ ജനകീയ സമരസമിതി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ഐക്യദാർഡ്യ സമിതിയുടെ ആഭിമുഖ്യത്തിൽ 23ന് കൊല്ലം കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്ന് സമിതി ഭാരവാഹികളായ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, വി.കെ.സന്തോഷ്കുമാർ, ബാബു ലിയോൺസ്, ഇഗ്നേഷ്യസ് റോബർട്ട്, കെ.ചന്ദ്രദാസ് എന്നിവർ പറഞ്ഞു.
ധർണയുടെ ഉദ്ഘാടനം കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ നിർവഹിക്കും. സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിംഗ്, സേവ് കേരള എന്ന മുദ്രാവാക്യം ഉയർത്തി ആലപ്പാട് കരിമണൽ ഖനന വിരുദ്ധ ജനകീയ സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം 325 ദിവസത്തിലേയ്ക്ക് കടന്നിരിക്കയാണ്.
രണ്ടായിരത്തിലധികം പേരാണ് സമര പന്തലിൽ ഇതിനകം സത്യഗ്രഹം അനുഷ്ഠിച്ചത്. സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെല്ലാം തന്നെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ചെറിയഴീക്കലിൽ എത്തുകയുണ്ടായി.എന്നാൽ സമരസമിതിയുടെ ഏക ആവശ്യമായ ഖനനം നിർത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിന് സർക്കാർ നാളിതുവരെയും ചർച്ചയ്ക്ക് തയാറായിട്ടില്ല. സമരത്തോട് ഗവൺമെന്റ് ജനാധിപത്യപരമായ സമീപനം സ്വീകരിക്കണമെന്ന് സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
സമിതിയുടെ നേതൃത്വത്തിൽ നേരത്തേ ജില്ലാ കളക്ടറുടെ വീട്ടുപടിക്കൽ സമരം നടത്തുകയുണ്ടായി. അന്ന് രാഷ്ട്രീയ നേതൃത്വങ്ങളും അധികാരികളും ചില ഉറപ്പുകൾ പ്രക്ഷോഭം നടത്തുന്നവർക്ക് നൽകിയിരുന്നു.അതെല്ലാം അട്ടമറിക്കപ്പെട്ടു എന്നതാണ് ഇപ്പോഴത്തെ അനുഭവം. ഇക്കാരണത്താൽ മൈനിംഗിന്റെ ദുരിതം അനുഭവിക്കുന്ന മുഴുവൻ ജനങ്ങളും മാർച്ചിൽ അണിചേരും. ഒപ്പം നിയമ നടപടികളുമായി സുപ്രിംകോടതി വരെ പോകുന്നതിനും സമര സമിതി തീരുമാനിച്ച് കഴിഞ്ഞു.
സ്വകാര്യ മേഖലയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകുമെന്ന സൂചനകൾ തീരദേശ വാസികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കയാണ്. ഇതുയർത്തുന്ന ഭീഷണിയും ചെറുതല്ല. ഖനനം കാരണം ഇപ്പോൾ തന്നെ ആലപ്പാട്ടെ 90 ശതമാനം ഭൂമിയും നഷ്ടപ്പെട്ട് കഴിഞ്ഞു. ബാക്കിയുള്ളതെങ്കിലും നിലനിർത്തുന്നതിന് പൊതുസമൂഹത്തിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ബാധ്യതയുണ്ട്.
മാത്രമല്ല കഴിഞ്ഞ ആറ് ദശകങ്ങളായി ഖനനം നൂലം നീണ്ടകര മുതൽ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്ത് കടലാക്രമണം മുഖേനെ നഷ്ടപ്പെട്ട ഭൂമി എത്രയെന്ന് അറിയാനുള്ള അവകാശവും കേരളീയ സമൂഹത്തിനുണ്ട്.ടിഎസ് കനാലിനും അറേബ്യൻ സമുദ്രത്തിനും മധ്യേ വരന്പുപോലെ അവശേഷിച്ചിട്ടുള്ള ഭൂമി കൂടി കടലെടുത്താൽ മധ്യതിരുവിതാംകൂറിനും കുട്ടനാടിനും സംഭവിക്കുന്ന ദുരിതങ്ങൽ വിവരണാതീതമായിരിക്കും.
ഇതേക്കുറിച്ച് അധികാരികൾക്ക് ഒരു ഉത്കണ്ഠയുമില്ലാത്തത് സമരസമിതിയെ അത്ഭുതപ്പെടുത്തുകയാണ്. മത്സ്യബന്ധനം ഉപജീവനമാക്കിയ അയ്യായിരത്തോളം കുടുംബങ്ങളുടെ തൊഴിലും സംസ്കാരവും സംരക്ഷിക്കുന്നതിന് അധികാരികളുടെ ഭാഗത്തുനിന്ന് നാളിതുവരെയും ഒരു നടപടിയും ഇല്ല. ഈ സാഹചര്യത്തിലാണ് സമരവും നിയമപോരാട്ടവും ശക്തമാക്കാൻ തീരുമാനിച്ചതെന്ന് സമര സമിതി ഭാരവാഹികൾ വ്യക്തമാക്കി.
ഇതോടൊപ്പം കെംഎംഎംഎല്ലിലെ രാസമാലിന്യത്തിന്റെ ഇരകളായ ചിറ്റൂർ നിവാസികൾ നടത്തുന്ന പോരാട്ടവും ശക്തമാക്കാൻ പ്രദേശവാസികൾ തീരുമാനിച്ചു. അതിജീവനത്തിനായി നാട്ടുകാരുടെ പ്രക്ഷോഭം ഇന്ന് 52 ദിവസം പിന്നിടുകയാണ്.കന്പനിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് നാടിനെ ദുരിതക്കയത്തിലാക്കിയതെന്ന് ഇവിടെ സമരം നടത്തുന്നവർ പറയുന്നു. അതുകൊണ്ടുതന്നെ പ്രശ്ന പരിഹാരത്തിന് മുൻകൈ എടുക്കേണ്ടത് കന്പനി മാനേജ്മെന്റാണ്.
പ്രദേശവാസികൾ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. എന്നിട്ടും കന്പനി മാനേജ്മെന്റ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കന്പനിയുടെ പ്രവർത്തനം നിശ്ചലമാക്കുന്ന തരത്തിലേയ്ക്ക് സമരത്തിന്റെ രൂപം മാറ്റുമെന്ന് സമര സമിതി ജനറൽ കൺവീനർ രാഗേഷ് നിർമൽ മുന്നറിയിപ്പ് നൽകി.