അമ്പലപ്പുഴ: സമരങ്ങൾ ഒതുങ്ങിയതോടെ തീരദേശവാസികളുടെ ഉറക്കം കെടുത്തി തോട്ടപ്പള്ളിയിൽ വീണ്ടും കരിമണൽ നിറച്ച ടിപ്പറുകളുടെ മരണപ്പാച്ചിൽ.
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന സമരം അവസാനിച്ചതോടെയാണ് തീരദേശത്തെ കവർന്നെടുത്തുകൊണ്ടുള്ള ഖനനം രാത്രിയിലും പകലും തുടരുന്നത്.
കഴിഞ്ഞ മേയിലാണ് കരിമണൽ ഖനനത്തിനെതിരെ കോൺഗ്രസിൻ്റെയും ധീവരസഭയുടെയും നേതൃത്വത്തിൽ സമരങ്ങൾ ആരംഭിച്ചത്. തോട്ടപ്പള്ളി സ്പിൽവേ മുഖത്തിന് തെക്ക് ഭാഗത്തായി നിർമിച്ച താൽക്കാലിക പന്തലിൽ ആരംഭിച്ച റിലേ സത്യാഗ്രഹം ഡിസിസി പ്രസിഡൻറ് എം. ലിജുവാണ് ഉദ്ഘാടനം ചെയ്തത്.
പന്തലൊഴിഞ്ഞു…
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ വിവിധ ദിവസങ്ങളിലെത്തി സമരത്തിൽ പങ്കുചേർന്നിരുന്നു.
എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും തീരത്ത് നേതാക്കളില്ലാത്ത സമരപ്പന്തൽ മാത്രമായി. ദിവസങ്ങൾക്ക് ശേഷം പന്തലും അഴിച്ചുമാറ്റിയതോടെ കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്തതിൻെറ പേരിൽ കേസിൽപ്പെട്ട സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ കോടതി കയറി ഇറങ്ങേണ്ട അവസ്ഥയാണ്.
കരിമണൽ കടത്ത് നിർത്തിവെക്കും വരെ സമരം ചെയ്യുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച നേതാക്കളെ ആരേയും ഇപ്പോൾ കാണാനില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനിടെ ബിജെപിയും ഭരണക്ഷിയായ സിപിഐയും ഇതേ ആവശ്യം ഉന്നയിച്ച് സമരമാരംഭിച്ചു. എന്നാൽ ഇവരും ഇപ്പോൾ സമരം അവസാനിപ്പിച്ചു.
തെരഞ്ഞെടുപ്പല്ലേ!
ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന സമരമാണിതെന്ന് നേരത്തെ തന്നെ മണൽ ഖനന അനുകൂല സംഘടനകൾ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ചെലവിലേക്കായി നേതാക്കൾ ലക്ഷങ്ങൾ കരിമണൽ മാഫിയയിൽ നിന്നും കൈപ്പറ്റിയതായി ആരോപണവും ജനങ്ങൾക്കിടയിൽ ഉണ്ട്. രാപ്പകലെന്നില്ലാതെയാണ് നൂറുകണക്കിന് ടിപ്പറുകളിൽ തോട്ടപ്പള്ളിയിൽ നിന്നും മണൽ കൊണ്ടു പോകുന്നത്.
പൊഴിയുടെ തെക്ക് ഭാഗം പൂർണമായും കടൽ എടുത്തതോടെ വടക്ക് ഭാഗത്തുകൂടിയാണ് മണൽ കൊണ്ടു പോകുന്നത്. അടിക്കടിയുള്ള ടിപ്പറുകളുടെ പരക്കം പാച്ചിലിൽ റോഡ് വക്കിലെ പലവീടുകളുടെ ഭിത്തികളും വിണ്ടുകീറി.
സമരത്തിന് നേതൃത്വം നൽകിയ പല നേതാക്കളെയും അറിയിച്ചെങ്കിലും തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് ആക്ഷേപം.