അന്പലപ്പുഴ: കരിമണൽ ഖനനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ തോട്ടപ്പള്ളിയിൽ സ്പൈറൽ യൂണിറ്റ് സ്ഥാപിക്കാനുള്ള ഐആർഇയുടെ ശ്രമം ജനരോഷത്തെ തുടർന്ന് നിർത്തിവച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കരിമണൽ വേർതിരിച്ചെടുക്കുന്ന ഐആർഇ യുടെ സ്പൈറൽ യൂണിറ്റുമായി ലോറി എത്തിയത്.
ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ അനുമതി ഇല്ലാതെയാണ് ഐആർഇ യൂണിറ്റ് സ്ഥാപിക്കാനെത്തിയത്. തോട്ടപ്പള്ളി ഹാർബറിനു സമീപം ലോറി എത്തിയതോടെ സ്ത്രീകളടക്കം നൂറുകണക്കിന് പ്രതിഷേധക്കാർ ലോറി തടഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചത് വാക്കേറ്റത്തിനും സംഘർഷത്തിനും വഴിയൊരുക്കി.
തുടർന്ന് പ്രതിഷേധക്കാർ ലോറിക്കു മുന്നിൽ അടുപ്പുകൂട്ടി. പ്രതിഷേധം സംഘർഷത്തിന്റെ വക്കിലെത്തിയതോടെ ആർഡിഒ സന്തോഷ്, ജില്ലാ പോലീസ് മേധാവി സാബു എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
നേരത്തെ കരിമണൽ ഖനനം നടത്തിയിട്ടുള്ള തുറമുഖത്ത് ലോറി ഇടാൻ അനുവദിക്കില്ലെന്നും തുറമുഖത്തു നിന്നു ലോറി കൊണ്ടു പോകണമെന്നുമായിരുന്നു ആവശ്യം. എന്നാൽ പോലീസ് ഇതു സമ്മതിക്കാതെ വന്നതോടെ വീണ്ടും സംഘർഷം ശക്തമായി.
ഐആർഇ ക്കും സർക്കാരിനുമെതിരേ മുദ്രാവാക്യം മുഴക്കിയ ഇവർ പായ വിരിച്ച് തുറമുഖത്ത് ഇരിപ്പുറപ്പിച്ചു. രാത്രി ഒന്പതോടെ കളക്ടർ സ്ഥലത്തെത്തി. ഇന്ന് ആലപ്പുഴയിൽ ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താം എന്ന് അറിയിച്ചതിനു ശേഷമാണ് രംഗം ശാന്തമായത്.
സ്പൈറൽ യൂണിറ്റുമായി വന്ന ലോറി പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിവിധ രാഷ്്ട്രീയ പാർട്ടികൾ, ധീവരസഭാ നേതാക്കൾ, തീരസംരക്ഷണസമിതി എന്നിവർ സമരത്തിനു നേതൃത്വം
നൽകി.