അന്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവിഷയത്തിൽ സിപിഐ പ്രാദേശിക ഘടകങ്ങൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സിപിഐ സംസ്ഥാനതല നിലപാട് നിർണായകമാകുന്നു.
കാലവർഷത്തിനു മുന്നോടിയായി പൊഴിമുറിക്കുന്നതിനുള്ള ചുമതല പൊതുമേഖലാ സ്ഥാപനമായ കെ എംഎംഎല്ലിനാണ് കൈമാറിയിരിക്കുന്നത്.
ഇതിന്റെ മറവിൽ കഴിഞ്ഞ വർഷത്തേതുപോലെ ഇത്തവണയും ആയിരക്കണക്കിന് ലോഡ് കരിമണലാണ് കടത്തുന്നത്. കഴിഞ്ഞവർഷം വളരെ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് പൊഴിമുറിക്കൽ ചുമതല കെഎംഎംഎല്ലിനു കൈമാറിയത്.
തുടർന്ന് മാസങ്ങൾ നീണ്ട ശക്തമായ പ്രതിഷേധവും കണക്കിലെടുക്കാതെ നൂറുകണക്കിനു ടിപ്പറുകളിലും ടോറസുകളിലുമായി പതിനായിരക്കണക്കിനു ടണ്‍ കരിമണലാണ് കടത്തിയത്.
തുടക്കത്തിൽ ഇതിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനു പിന്നാലെ സിപിഎം ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയപ്പാർട്ടികളും സമരവുമായെത്തി.
അന്നും ഭരണകക്ഷിയിലുണ്ടായിരുന്ന സിപിഐയും ശക്തമായി സമരത്തിൽ പങ്കെടുത്തെങ്കിലും ഇതവഗണിച്ച് കരിമണലെടുക്കാൻ സിപിഎം ശക്തമായ നിലപാടെടുക്കുകയായിരുന്നു.
കഴിഞ്ഞവർഷം കരിമണൽ ഖനന വിരുദ്ധ സമരത്തിൽ പങ്കെടുത്ത സിപിഐ നേതാവ് പി. പ്രസാദ് ഇപ്പോൾ മന്ത്രിയാണ്.
പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഖനനം അനുവദിക്കാൻ പാടില്ലെന്ന നിലപാടെടുത്ത പി. പ്രസാദിന്റെ ഇപ്പോഴത്തെ നിലപാടറിയാൻ ജനം കാത്തിരിക്കുകയാണ്.
ഇത്തവണയും സിപിഐ പ്രാദേശിക നേതാക്കൾ ഖനനത്തിനെതിരെയുള്ള നിലപാടുമായി ശക്തമായി രംഗത്തുണ്ട്. എന്നാൽ മേൽഘടകങ്ങളൊന്നും സമരത്തിനു പിന്തുണ നൽകിയിട്ടില്ല.
ഇത്തവണ കോവിഡ് വ്യാപനമായതിനാൽ പ്രത്യക്ഷ സമരപരിപാടികൾ ഒഴിവാക്കി വിവിധ സംഘനകൾ സ്വഭവനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. കൂറ്റൻ ഡ്രഡ്ജർ ഉപയോഗിച്ച് ഇത്തവണയും ടണ്‍കണക്കിനു കരിമണലാണ് കൊണ്ടുപോകുന്നത്.
കഴിഞ്ഞവർഷം വൻതോതിൽ കരിമണൽ നീക്കം ചെയ്തതിന്റെ ഫലമാണ് രണ്ടാഴ്ച മുന്പ്് ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ കടലാക്രമണത്തിൽ പുറക്കാട് പഞ്ചായത്തിന്റെ തീരപ്രദേശം കടലെടുത്തത്.
ഇനിയും കരിമണൽ കടത്ത് തുടരുകയാണെങ്കിൽ ദുരന്തം ആവർത്തിക്കുമെന്ന ആശങ്കയിലാണ് തീരദേശം. കഴിഞ്ഞവർഷം സമര പ്രഹസനം നടത്തി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വൻതുകയാണ് കെഎംഎംഎല്ലിൽനിന്നും കൈപ്പറ്റിയത്.
ഇത്തവണ വലിയപ്രതിഷേധങ്ങൾ നേരിടാതെ തന്നെ കരിമണൽ കൊണ്ടു പോകാനും ഇവർക്ക് കഴിയും. അതുകൊണ്ടുതന്നെ സിപിഐ ജില്ലാ നേതൃത്വവും ജില്ലയിൽനിന്നു വിജയിച്ച മന്ത്രി പി. പ്രസാദും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം സജീവമായി.