സ്വന്തം ലേഖകൻ
തൃശൂർ: പെട്രോൾ പന്പിലുണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഗുണ്ടയെ പോലീസ് അറസ്റ്റുചെയ്തു. ഒന്പതുങ്ങൽ സ്വദേശി വട്ടപറന്പിൽ വിനീത് (കരിമണി വിനീത്) ആണ് പിടിയിലായത്. തമിഴ്നാട് അതിർത്തിയിൽനിന്നാണ് പ്രതിയെ ചാലക്കുടി ഡിവൈഎസ്പിസിഎസ് ഷാഹുൽഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘംപിടികൂടിയത്.
ഇക്കഴിഞ്ഞ 20ന് കോടാലി ചേലക്കാട്ടുകര മൂന്നുമുറിയിൽ ശ്രീദുർഗ പെട്രോൾപന്പിൽ ബൈക്ക് യാത്രികർ തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് മുപ്ലിയം സ്വദേശി മാണുകാടൻ വീട്ടിൽ ദിലീപിന്റെ മേൽ പെട്രോളൊഴിച്ച് വിനീത് കത്തിച്ചത്. പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കിയായി പന്പുകാർ പത്തുരൂപയുടെ നോട്ടുകളാണ് നൽകിയത്.
ഇത് എണ്ണിത്തിട്ടപ്പെടുത്താൻ ദിലീപ് സമയമെടുത്തപ്പോൾ ദിലീപിന്റെ ബൈക്കിനു പിന്നിൽ പെട്രോളടിക്കാൻ കാത്തുനിന്നിരുന്ന വിനീത് വഴക്കുണ്ടാക്കുകയും തർക്കത്തിനിടെ വിനീത് പന്പിലെ ജീവനക്കാരിയുടെ കൈയിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോൾ പിടിച്ചുവാങ്ങി ദിലീപിന്റെ ശരീരത്തിലൊഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.
വസ്ത്രത്തിലേക്ക് തീപടർന്ന ദിലീപ് ഉടൻ അടുത്തുള്ള തോട്ടിലേക്കു ചാടിയാണ് ജീവൻ രക്ഷിച്ചത്. ദിലീപിനൊപ്പമുണ്ടായിരുന്ന ചീനിക്ക വീട്ടിൽ സുരാജ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പന്പ് ജീവനക്കാരിയുടെ കൈക്കും പൊള്ളലേറ്റിരുന്നു.
തലനാഴിക്കാണ് വൻദുരന്തം അന്ന് ഒഴിവായത്. ദിലീപിന്റെ ബൈക്ക് കത്തിയെങ്കിലും ഫ്യൂവൽ ഡിസ്പെൻസറിലേക്ക് തീ പടരാതിരുന്നതു വൻ ദുരന്തം ഒഴിവായി. പെട്രോൾ പന്പിലെ സിസി ടിവി കാമറയിൽ പതിഞ്ഞ പ്രതിയുടെ മുഖം വിനീതിന്റേതാണെന്നു പോലീസ് അന്നുതന്നെ സ്ഥിരീകരിച്ചിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
സംഭവത്തിനു ശേഷം ബൈക്കിൽ കടന്നുകളഞ്ഞ വിനീതിനായി പോലീസ് തെരച്ചിൽ ഉൗർജിതമാക്കുകയും ഇയാളെ കണ്ടെത്തിയാൽ അറിയിക്കണമെന്നാവശ്യപ്പെട്ടുള്ള ഫോട്ടോയും ലുക്ക് ഒൗട്ട് നോട്ടീസും പുറത്തുവിടുകയും ചെയ്തിരുന്നു. വിനീതിന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും കേന്ദ്രീകരിച്ചും ഇവരുടെ മൊബൈൽ ഫോണ് നന്പറുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.